ആലുവ: ബീഹാർ സ്വദേശിനിയായ ദറക്‌സ പർവീൺ നാല് വർഷം മുമ്പ് തന്റെ സഹപാഠിക്ക് മലയാളത്തിലെഴുതിയ കത്ത് ഇനി ആറാം ക്ലാസ് വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഇടംനേടും. ബിനാനിപുരം ഗവ. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ബീഹാർ സ്വദേശികളായ മുഹമ്മീർ അമീർ - റാജിയ ഖാദുൽ ദമ്പതിമാരുടെ മകളായ ദറക്‌സ എഴുതിയ ഹൃദയസ്പർശിയായ കത്ത് കേരളാ സിലബസിലെ മലയാളം പാഠപുസ്തകത്തിലെ രണ്ടാം യൂണിറ്റിലെ രണ്ടാം അദ്ധ്യായമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏഴാം ക്ലാസിൽ ദറക്‌സയുടെ കൂടെ പഠിച്ച പുഷ്പ എന്ന കൂട്ടുകാരി മാതാപിതാക്കൾക്കൊപ്പം ബീഹാറിലേക്ക് മടങ്ങിയപ്പോൾ വിശേഷങ്ങൾ പങ്കുവച്ച് എഴുതിയ കത്താണിത്. കരിക്കുലം സമിതിയുടെ ഇടപെടലിനെത്തുടർന്നാണ് കത്ത് പാഠഭാഗമായത്. ചെരുപ്പ് കമ്പനി ജീവനക്കാരനായ പിതാവിനൊപ്പം 2015ലാണ് ദറക്‌സയും മാതാവും രണ്ട് സഹോദരന്മാരുമടങ്ങുന്ന കുടുംബം എടയാറിലെത്തിയത്. അന്യസംസ്ഥാനക്കാരായ നിരവധി കുട്ടികൾ പഠിക്കുന്ന ബിനാനിപുരം ഗവ. സ്‌കൂളിലാണ് ദറക്‌സയും സഹോദരന്മാരും പ്രവേശനം നേടിയത്.
സ്‌കൂൾ പഠനത്തിന് ശേഷം കളമശ്ശേരി പോളിടെക്‌നിക്കിലും ദറക്‌സ പഠിച്ചു. ഇപ്പോൾ ഇഗ്‌നോയിൽ ഹിന്ദി ബിരുദ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. അതോടൊപ്പം ബിനാനിപുരം സ്‌കൂളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെ മലയാളം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. മലയാളം അദ്ധ്യാപകരുടെ വിദ്യാഭ്യാസ പരിശീലന പരിപാടികളിലും ദറക്‌സ പർവീൺ എഴുത്തുകാരിയായി പങ്കെടുത്തു.
ജില്ലയിൽ ആദ്യ പ്രത്യേക പഠനകേന്ദ്രം
മലയാള ഭാഷ വശമില്ലാത്തതിനാൽ ഹിന്ദി ഒഴികെയുള്ള വിഷയങ്ങൾ പഠിക്കാൻ ദറക്‌സയ്ക്ക് തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. സമഗ്ര ശിക്ഷാ കേരളം അന്യസംസ്ഥാന തൊഴിലാളികൾക്കായി ജില്ലയിൽ ആദ്യമായി പ്രത്യേക പഠനകേന്ദ്രം ആലുവ ബി.ആർ.സിയുടെ കീഴിൽ എടയാറിൽ ആരംഭിച്ചു. ഇവിടെ, അദ്ധ്യാപിക ജയശ്രീ കുളക്കുന്നത്തിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച കോഡ് സ്വിച്ചിംഗ് സമ്പ്രദായം വഴി ദറക്‌സയ്ക്ക് മലയാള ഭാഷ വേഗത്തിൽ വശമായി.
കേരളത്തിൽ താമസിക്കാൻ മോഹം
സ്വന്തമായി ഒരു വീട് സ്വന്തമാക്കണമെന്നും ഫാഷൻ ഡിസൈൻ രംഗത്ത് ശോഭിക്കണമെന്നുമാണ് ദറക്‌സയുടെ ആഗ്രഹം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാഠപുസ്തകത്തിൽ താൻ എഴുതിയ ഭാഗം അവൾ ഫ്രെയിം ചെയ്ത് സൂക്ഷിക്കുകയാണ്. വീട്ടിൽ സഹോദരങ്ങളായ മുഹമ്മദ് സമീർ (ബിരുദം), മുഹമ്മദ് ആദിൽ (പ്ലസ് ടു) എന്നിവരുമായും ദറക്‌സ മലയാളത്തിലാണ് സംസാരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |