കൊച്ചി: വാതിൽപ്പടി സേവനത്തിന്റെ ഗുണനിലവാരം ചോദ്യം ചെയ്താൽ റേഷൻ കടകളിൽ അരിയുണ്ടാവില്ല!
ഇതൊരു ഭീഷണിയല്ല, കണയന്നൂർ താലൂക്കിലെ റേഷൻ വ്യാപാരികൾ നേരിടുന്ന പകപോക്കൽ നടപടിയാണ്. കടയിൽ എത്തിക്കുന്ന അരിയുടെ തൂക്കം തിട്ടപ്പെടുത്തിക്കിട്ടണമെന്ന് വാശി പിടിക്കുന്ന വ്യാപാരികളോടാണ് വാതിൽപ്പടി സേവനദാതാക്കൾ പകപോക്കുന്നത്. കണയന്നൂർ താലൂക്കിൽ 149 റേഷൻ കടകളുണ്ട്. അതിൽ 78കടകളിൽ മേയ് അവസാനം അരി ലഭിച്ചിട്ടില്ല. റിലീസ് ഓർഡർ പ്രകാരം കടയിൽ അരിയുണ്ട്. എന്നാൽ ലോഡ് എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മേയ് മാസം വിതരണം ചെയ്യേണ്ട റേഷൻ അരി പൂർണമായും കാർഡ് ഉടമകൾക്ക് കിട്ടിയിട്ടില്ല. ഇനി അടുത്ത ദിവസം അരി എത്തിച്ചാലും മേയ് മാസത്തെ വിതരണ ക്വാട്ടയിൽ ഉൾപ്പെടുത്താനുമാവില്ല.
റേഷൻ അരി ലൈസൻസിയുടെ കടയിൽ എത്തിച്ച്, കടക്കാരനെ തൂക്കം ബോദ്ധ്യപ്പെടുത്തി അട്ടിയിട്ട് നൽകണമെന്നാണ് വാതിൽപ്പടി സേവനദാതാക്കളുമായുള്ള കരാർ. എന്നാൽ, തിടുക്കപ്പെട്ട് ലോഡുമായി വരുന്നവരോട് അരി തൂക്കി നൽകണമെന്ന് പറഞ്ഞാൽ ഇഷ്ടപ്പെടില്ല. മാത്രവുമല്ല പിന്നീട് സമയത്ത് സാധനം എത്തിക്കുകയുമില്ല. തൂക്കം ബോദ്ധ്യപ്പെട്ട് വാങ്ങിയില്ലെങ്കിൽ ഒന്നോ രണ്ടോ ക്വിന്റൽ അരി കുറയാനും സാദ്ധ്യതയുണ്ട്. ഈ നടപടിയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് അരി സ്റ്റോക്കില്ലാത്തതെന്ന് വ്യാപാരികൾ പറയുന്നു.
സ്വാധീനമുണ്ടെന്ന പേരിൽ ഭീഷണി
ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസർമാരെ വരെ നിയന്ത്രിക്കാനും സ്ഥലം മാറ്റവും പോസ്റ്റിംഗും നടത്താനുമുള്ള സ്വാധീനമുള്ളവരാണ് വാതിൽപ്പടി സേവന ദാതാക്കൾ. കണയന്നൂർ താലൂക്കിൽ നിലവിൽ പ്രവർത്തിക്കുന്നത് ബെനാമി വിതരണക്കാരനാണെന്നും ആക്ഷേപമുണ്ട്. യഥാർത്ഥ കരാറുകാരൻ ഉപകരാർ നൽകിയിരിക്കുകയാണ്. ഈ ഉപകരാറുകാരനാകട്ടെ, സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക രേഖയിൽ കരിമ്പട്ടികയിൽപ്പെട്ട ആളുമാണ്.
ഒരു കടക്കാരൻ 70 ശതമാനം വിതരണം പൂർത്തിയാക്കിയെങ്കിൽ മാത്രമേ മിനിമം വേതനമായ 8100 രൂപ ലഭിക്കൂ. ടാർഗറ്റ് കുറഞ്ഞുപോയാൽ കടക്കാരന്റെ വരുമാനം 5100 രൂപയായി കുറയും.
ബഫർ സ്റ്റോക്ക് പാലിക്കുന്നില്ല
എല്ലാ റേഷൻ കടകളിലും ഓരോ മാസാവസാനവും അടുത്ത മാസത്തെ വിതരണത്തിനുള്ള അരി ബഫർ സ്റ്റോക്ക് ഉണ്ടാകേണ്ടതാണ്. പ്രത്യേകിച്ച് കാലവർഷം പ്രമാണിച്ച് നിർബന്ധമായും അരി സ്റ്റോക്ക് ഉണ്ടാകണം. മൂന്ന് വർഷം മുമ്പ് വരെ കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ അരി എത്തിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ബഫർ സ്റ്റോക്കില്ലെന്ന് മാത്രമല്ല, അതത് മാസത്തെ വിതരണത്തിനുപോലും അരിയില്ലെന്നതാണ് അവസ്ഥ.
കടക്കാരോട് കരാറുകാർക്ക് നീരസം തോന്നിയാൽ അവരെ കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥരും മൗനാനുവാദം നൽകുന്നു
രാജു നാരായണൻ
താലൂക്ക് സെക്രട്ടറി
കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |