കൊച്ചി: വേഗനിയന്ത്രണമുള്ളിടത്ത് പതുക്കെ നീങ്ങുന്ന ട്രെയിനുകളിൽ നിന്ന് യാത്രക്കാരുടെ മൊബൈൽ ഫോണുകൾ തട്ടിയെടുക്കുന്നത് തടയാൻ സി.സി ടിവി ക്യാമറ നിരീക്ഷണവുമായി ആർ.പി.എഫ്. എറണാകുളം നോർത്ത്, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള പുല്ലേപ്പടി ഭാഗത്താണ് ക്യാമറ സ്ഥാപിക്കുന്നത്.
പുല്ലേപ്പടിയിൽ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലേക്ക് ഇന്റർകണക്റ്റ‌് സിഗ്നൽ സംവിധാനവുമുണ്ട്. അതിനാൽ വേഗത കുറച്ചാണ് ട്രെയിനുകൾ നീങ്ങുന്നത്. ഈ സമയം ട്രെയിനുകളിലെ വാതിലിരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകൾ ട്രാക്കിനരികെ നിന്ന് മോഷ്ടാക്കൾ തട്ടിയെടുക്കുന്നത് പതിവാണ്. ചില മോഷ്ടാക്കളെ ആർ.പി.എഫ് അറസ്റ്റ് ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതോടെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നത് കുറ്റകരമാണെന്നും മൊബൈൽ തട്ടിയെടുക്കാൻ സാദ്ധ്യതയുണ്ടെന്നും സ്റ്റേഷനുകളിലും ട്രെയിനുകളിലും ആർ.പി.എഫ് മുന്നറിയിപ്പ് പതിച്ചിരുന്നു. കൂടുതൽ മുൻകരുതലെന്ന നിലയിലാണ് സി.സി ടിവി ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. സൗത്ത്, നോർത്ത് സ്റ്റേഷനുകൾക്ക് അനുവദിച്ച ക്യാമറകളിലൊന്നാണ് പുല്ലേപ്പടിയിൽ സ്ഥാപിക്കുന്നത്.
മൊബൈൽഫോൺ തട്ടിയെടുക്കുന്നതിന് പുറമെ, ഈ ഭാഗത്ത് മയക്കുമരുന്ന് വിതരണ സംഘങ്ങൾ ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതും കുറ്റവാളികൾ ട്രെയിനിൽ ചാടിക്കയറുന്നതും പതിവാണ്. സി.സി ടിവി ക്യാമറ നിരീക്ഷണത്തിലൂടെ ഇതും നിരീക്ഷിച്ച് തടയുമെന്ന് ആർ.പി.എഫ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |