കൊച്ചി: അറബിക്കടലിലെ കപ്പലപകടങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കുണ്ടായ തൊഴിൽ നഷ്ടത്തിനും കടൽജല മലിനീകരണത്തിനും നഷ്ടപരിഹാരം ഈടാക്കാൻ നിയമവ്യവസ്ഥകൾ ഏറെ. ഇത് വേണ്ടവിധം വിനിയോഗിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇച്ഛാശക്തി കാണിച്ചാൽ മതി.
വാൻ ഹായ് 503 എന്ന കൂറ്രൻ കപ്പലിന് തീപ്പിടിച്ചതും എം.എസ്.സി എൽസ 3 കപ്പൽ മുങ്ങിയതും മത്സ്യമേഖലയ്ക്ക് പരോക്ഷമായി വൻ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. കപ്പൽ ഉടമയ്ക്കോ ഇൻഷ്വറൻസ് ഏജൻസിക്കോ ആണ് പ്രാഥമിക ബാദ്ധ്യത. എന്നാൽ, കേസെടുക്കാനോ ക്ലെയിം ചെയ്യാനോ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ താത്പര്യം കാട്ടുന്നില്ലെന്നാണ് എൽസ അപകടത്തിന് ശേഷമുണ്ടായ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. കടലിന്റെ മക്കൾക്ക് ഇരട്ടപ്രഹരമായി വാൻഹായ് അപകടവും സംഭവിച്ച സാഹചര്യത്തിൽ സർക്കാരുകൾ ഇനി ഏതു വഴി തേടുമെന്നതിലാണ് ആകാംക്ഷ.
സംസ്ഥാന സർക്കാർ ആദ്യം ചെയ്യേണ്ടത് കേസ് രജിസ്റ്റർ ചെയ്യലാണ്. എന്നാൽ, ദൂര, അധികാരപരിധി പ്രശ്നങ്ങളിൽ നടപടി നീളുകയാണ്. കേന്ദ്ര സർക്കാരിന്റെ 2019ലെ പ്രത്യേക വിജ്ഞാപനപ്രകാരം, 200 നോട്ടിക്കൽ മൈൽ വരെയുള്ള അപകടങ്ങളിൽ കോസ്റ്റൽ പൊലീസിന് കേസെടുക്കാമെന്ന് മാരിടൈം ലാ വിദഗ്ദ്ധർ വ്യക്തമാക്കി. എന്റിക്ക ലെക്സി കേസിൽ കൃത്യമായി കാര്യങ്ങൾ നടന്നിരുന്നു.
നേവിയുടെയോ കോസ്റ്റ്ഗാർഡിന്റെയോ റിപ്പോർട്ട് പ്രകാരവും കേസെടുക്കാം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനും നിയമനടപടികളെടുക്കാം. എന്നാൽ എൽസ അപകടത്തിൽ അത്തരം നീക്കമുണ്ടായിട്ടില്ല. ഒരു ലക്ഷത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപ വീതം പൊതുഖജനാവിൽ നിന്ന് നൽകിയതു മാത്രമാണ് ഇതുവരെയുള്ള നടപടി. വാൻ ഹായ് അപകടത്തിൽ ഇനി എന്തു നടപടി സ്വീകരിക്കുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്.
ദേശീയ, രാജ്യാന്തര വ്യവസ്ഥകൾ
രാജ്യാന്തര കൺവെൻഷനുകൾ പ്രകാരം നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ കേന്ദ്ര സർക്കാരിന് അനന്തസാദ്ധ്യതകളുണ്ട്.
1. മർച്ചന്റ് ഷിപ്പിംഗ് ആക്ട് 1958 (352-ഐ, 356-എച്ച് വകുപ്പുകൾ): നഷ്ടപരിഹാരം കപ്പൽ ഉടമയിൽ നിന്ന് ഈടാക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നത്.
2. രാജ്യാന്തര ബങ്കർ കൺവെൻഷൻ 2001(9-1, 7-10): ഇൻഷ്വറൻസ് ഏജൻസിക്കെതിരെ അംഗരാജ്യങ്ങൾക്ക് കോടതി വഴി നീങ്ങാനുള്ള വ്യവസ്ഥകൾ.
3. യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ലാ ഒഫ് ദ് സീ(അനുച്‌ഛേദം 235-2): മലിനീകരണത്തിന് സർക്കാർ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന വ്യവസ്ഥ
4. സിവിൽ ലയബിലിറ്റി ഫോർ ഓയിൽ പൊല്യൂഷൻ ഡാമേജ് 1969: നഷ്ടപരിഹാരത്തിന് കപ്പലുടമയെ ബാദ്ധ്യസ്ഥനാക്കുന്നു
5. ഓയിൽ പൊല്യൂഷൻ കോംപൻസേഷൻ ഫണ്ട്: കപ്പലുടമയോ ഇൻഷ്വറൻസ് ഏജൻസിയോ മതിയായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ രാജ്യങ്ങൾക്ക് സമീപിക്കാവുന്ന വേദി.
വാൻ ഹായ് അപകടം: അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ, ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ.
എൽസ 3 അപകടം: ആലപ്പുഴയിൽ നിന്ന് 14 നോട്ടിക്കൽ മൈൽ, കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ.
കപ്പലപകടങ്ങളിൽ തൊഴിൽനഷ്ടമുണ്ടായ
മത്സ്യത്തൊഴിലാളി കുടുംബങ്ങൾ:
മീൻപിടിത്തം - 78,498
അനുബന്ധ ജോലി- 27,020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |