കൊച്ചി: തീര നിയന്ത്രണ വിജ്ഞാപനത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കെട്ടിട നിർമ്മാണ അനുമതിക്കായി നൽകുന്ന അപേക്ഷകൾ സംബന്ധിച്ച് ഉയരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഹൈബി ഈഡൻ എം.പി. ഇത്തരം അപേക്ഷകൾ പരിഗണിക്കുന്ന തീരദേശ മേഖലാ മാനേജ്മെന്റ് അതോറിറ്റി പുറപ്പെടുവിക്കുന്ന അനുമതി ഉത്തരവുകളിൽ ഈ കെട്ടിടം പാരമ്പര്യേതര തീരദേശ സമൂഹത്തിൽപ്പെട്ടവർക്ക് വിൽക്കുകയോ കൈമാറുകയോ ചെയ്യരുത് എന്ന് വ്യവസ്ഥ ചെയ്യുന്നത് അപേക്ഷകരെ ഭാവിയിൽ ബുദ്ധിമുട്ടിലാക്കുമെന്ന് ഹൈബി ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.പി തീരദേശ മേഖലാ മാനേജ്മെന്റ് അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി സുനിൽ പമിദിക്ക് കത്ത് നൽകി.
പാരമ്പര്യേതര തീരദേശ സമൂഹത്തിൽപ്പെട്ടവർ എന്ന പ്രയോഗം തന്നെ ആശയ കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും ബാങ്ക് ലോൺ നിഷേധിക്കപ്പെടാൻ പോലും വഴിവെക്കുമെന്നും ഹൈബി കത്തിൽ സൂചിപ്പിച്ചു.
കെട്ടിട ഉടമസ്ഥത കൈമാറുന്നതിന് വിലക്ക് ഏർപ്പെടുത്തുമ്പോൾ കെട്ടിടം ഉൾക്കൊള്ളുന്ന ഭൂമിയുടെ വിനിമയം അസാദ്ധ്യമാകുന്ന സ്ഥിതി കൂടി വരാനിടയുണ്ട്. കടലും, കായലും കരകയറിയും മറ്റും ഭൂമി നഷ്ടപ്പെടുന്നവരാണ് സി.ആർ.ഇസഡ് വിജ്ഞാപനത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ താമസക്കാർ.
അവർക്ക് കൈവശമുള്ള ഭൂമിയുടെ വിനിമയത്തിന് പോലും നിയന്ത്രണമേർപ്പെടുത്തുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ഇക്കാരണത്താലാണ് വിനിമയ നിയന്ത്രണ വ്യവസ്ഥ പിൻവലിക്കണമെന്ന ആവശ്യം പ്രസക്തമാകുന്നതെന്നും ഹൈബി ഈഡൻ മെമ്പർ സെക്രട്ടറിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |