കൊച്ചി: കടലാക്രമണം രൂക്ഷമായ കണ്ണമാലി മേഖലയിൽ 500ഓളം വീടുകൾ വെള്ളത്തിലായി. വൈദ്യുതോപകരണങ്ങൾ ഉൾപ്പെടെ നശിച്ചു. ഇന്നലെ വൈകിട്ട് ശക്തമായ തിരയിൽ കടൽഭിത്തി തകർന്നു. തീരം ഇടിഞ്ഞു. പല വീടുകളിലും മണലും കല്ലുകളും നിറഞ്ഞു. കുട്ടികളെയും പ്രായമായവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. റോഡുകളും മുങ്ങിയതോടെ വാഹനഗതാഗതം തടസപ്പെട്ടു. ഇരച്ചുകയറിയ വെള്ളത്തിൽ ചെറു വാഹനങ്ങൾ കുടുങ്ങി. പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു. പുത്തൻതോട്, ചെറിയകടവ്, കാട്ടിപ്പറമ്പ്, കൈതവേലി, മാനാച്ചേരി, സൗദി എന്നിവിടങ്ങൾ കടുത്ത ഭീഷണിയിലാണ്. ജിയോ ബാഗുകൾക്ക് പ്രതിരോധിക്കാനാവാത്തവിധമാണ് കടലേറ്റമെന്ന് നാട്ടുകാർ പറയുന്നു. ചെല്ലാനം, കൊച്ചി തീരക്കടലിലെ ആഴം ക്രമാതീതമായി കൂടിയതാണ് കടലാക്രമണം രൂക്ഷമാകാൻ കാരണം.
കരുതൽ വേണം
തീരസംരക്ഷണ പദ്ധതികൾ വിവിധ കാരണങ്ങളാൽ ഇഴഞ്ഞുനീങ്ങുമ്പോൾ, തീരദേശവാസികൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. പ്രദേശവാസികൾ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കടലിലെ ഒഴുക്ക്, കാറ്റിന്റെ ദിശ, വേഗം, തിരമാലകളുടെ മാറ്റം, വെള്ളം കലങ്ങി മറിയുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം
സന്നദ്ധ പ്രവർത്തകർ എല്ലാ വീടുകളിലെയും ഫോൺ നമ്പരുകൾ സൂക്ഷിക്കണം.
രാത്രി കടൽ കയറിയാൽ വാട്‌സാപ് ഗ്രൂപ്പിൽ മാത്രം ഇടാതെ എല്ലാവരെയും വിളിച്ചു പറയണം.
ഫോണുകൾ ചാർജ് ചെയ്തു വയ്ക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |