കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ ജെ.എൽ.എൻ സ്റ്റേഡിയം-കാക്കനാട് ഇൻഫോപാർക്ക് നിർമ്മാണത്തിന് ഭൂമി വിട്ടുനൽകേണ്ടിവന്ന 180 വ്യാപാരികൾ ത്രിശങ്കുവിൽ. ഏറ്റെടുത്ത ഭൂമിയോട് ചേർന്ന ബാക്കി സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൊച്ചി ടൗൺ പ്ലാനിംഗ് വിഭാഗം അനുമതി നൽകാത്തത് വ്യാപാരികളെ പ്രതിസന്ധിയിലാക്കി.
നിർമ്മാണത്തിന് രണ്ടു മുതൽ ആറ് സെന്റ് വരെ ഭൂമി വിട്ടുകൊടുത്തവരാണ് കൂടുതലും. ബാക്കിയുള്ള സ്ഥലത്ത് കെട്ടിട നിർമ്മാണത്തിനും വ്യാപാരത്തിനും അനുമതി നൽകുമെന്ന് ലാന്റ് അക്വിസേഷൻ ഡെപ്യൂട്ടി കളക്ടറും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കൊച്ചി കോർപ്പറേഷനും ഭൂമി ഏറ്റെടുക്കുമ്പോൾ ഉറപ്പ് നൽകിയതാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദൂരപരിധി ചട്ടങ്ങൾ ബാധകമാകില്ലെന്നും അധികൃതർ പറഞ്ഞിരുന്നു. ഘടകവിരുദ്ധമായ നിലപാടാണ് ടൗൺപ്ലാനിംഗ് വിഭാഗം സ്വീകരിക്കുന്നത്.
മെട്രോ കടന്നു പോകുന്ന ഭാഗത്തെ റോഡിന്റെ വീതി 16 മീറ്ററിൽ നിന്ന് 22 മീറ്ററായി വർദ്ധിപ്പിക്കാനാണ് സ്ഥലം ഏറ്റെടുത്തത്. കാക്കനാട് സിവിൽലൈൻ റോഡിൽ മിക്കഭാഗത്തും വീതി 27 മീറ്റർ വരെ കൂട്ടി. പാലാരിവട്ടം ജംഗ്ഷനിൽ കൂടുതൽ സ്ഥലം എറ്റെടുത്തേക്കുമെന്ന് സൂചനയുണ്ട്.
കൊച്ചി മെട്രോയ്ക്ക് സ്ഥലം കൊടുത്ത
വ്യാപാരികളോട് അവഗണന
രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഭൂമി ഏറ്റെടുത്തത്. എൽ-എ വൺ വിഭാഗത്തിൽ സ്ഥലം വിട്ടുകൊടുത്ത 263 പേർക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമെ പുനരധിവാസത്തിന് 6.10 ലക്ഷം രൂപ കൂടി നൽകി. എൽ.എ- രണ്ട് വിഭാഗത്തിലാണ് 180 വ്യാപാരികളുടെ ഭൂമി ഏറ്റെടുത്തത്.
എൽ.എ- രണ്ട് വിഭാഗത്തിൽപ്പെട്ടവർക്ക് ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം ലഭിച്ചെങ്കിലും പുനരധിവാസ തുകയായ 6.10 ലക്ഷം നൽകിയിട്ടില്ല. പാലാരിട്ടവട്ടം ജംഗ്ഷൻ, ചെമ്പുമുക്ക്, വാഴക്കാല, പടമുഗൾ, കാക്കനാട്, കൊച്ചിൻസെസ്, ചിറ്റേത്തുകര, രാജഗിരി, ഇൻഫോപാർക്ക്-1, ഇൻഫോപാർക്ക് -2 ഭാഗങ്ങളിലെ വ്യാപാരികളെയും താമസക്കാരെയുമാണ് സ്ഥലമെടുപ്പ് ഏറ്റവും കൂടുതൽ ബാധിച്ചത്.
നിർമ്മാണത്തിന് മെട്രോ പില്ലറിൽ നിന്ന് കൃത്യം 19 മീറ്റർ അകലം വേണമെന്നാണ് കർശന നിലപാട്. മിക്ക ഭൂവുടമകൾക്കും സ്ഥലം ഏറ്റെടുത്ത ശേഷം ബാക്കിയുള്ളത് മൂന്ന് സെന്റിന് താഴെയാണ്. അതിനാൽ 19 മീറ്റർ ദൂരപരിധി പാലിക്കാൻ സാധിക്കില്ല.
ഭൂമി മുഴുവനായി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ചില വ്യാപാരികൾ നൽകിയ അപേക്ഷ റവന്യു വകുപ്പ് നിരസിച്ചിരുന്നു.ഇതിനാവശ്യമായ പണമില്ലെന്നാണ് സർക്കാർ നിലപാട്.
നാടിന്റെ വികസനത്തിന് വേണ്ടിയാണ് സ്ഥലം വിട്ടുകൊടുത്തത്. ബാക്കി സ്ഥലത്ത് നിർമ്മാണത്തിന് കോർപ്പറേഷൻ അനുമതി നൽകണം.
കെ.എസ്.വിജയൻ
ഹോട്ടലുടമ,
എസ്.എൻ.ഡി.പി വെണ്ണല ശാഖ മുൻ പ്രസിഡന്റ്
പുനരധിവാസം ഉറപ്പാക്കാതെ വ്യാപാരികളെ കുടിയിറക്കിയത് ഖേദകരമാണ്. തൊഴിൽ ചെയ്യുന്നതിന് കെട്ടിടനിർമ്മാണത്തിന് ചട്ടങ്ങളിൽ ഇളവനുവദിക്കണം
സി.എസ്. രാമചന്ദ്രൻ
ജില്ലാ സെക്രട്ടറി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |