കൊച്ചി: കറുത്തവാവിനോട് അനുബന്ധിച്ച് വീണ്ടും കടലേറ്റത്തിനു സാദ്ധ്യതയുള്ളതിനാൽ ചെല്ലാനം മേഖലയിലെ താമസക്കാർ ആശങ്കയിൽ. തീരത്ത് ജിയോബാഗുകൾ സ്ഥാപിക്കുന്ന ജോലി ഇഴയുന്നതിനാൽ പല മേഖലകളും ഭീഷണിയിലാണ്. നാളെ കറുത്തവാവ് മുതൽ ഒൻപത് ദിവസം കടലേറ്റത്തിന് സാദ്ധ്യതയുണ്ടെന്ന് തീരദേശവാസികൾ പറയുന്നു. മഴയ്ക്കൊപ്പം കാറ്റും ഒഴുക്കും ശക്തമായാൽ സ്ഥിതി രൂക്ഷമാകും. വാവിന് മുൻപുള്ള ദിവസങ്ങളിൽ പൊതുവേ തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ വാവ് മുതൽ കാറ്റും മഴയും ശക്തമാകുമെന്നാണ് അനുഭവമെന്നും പറയുന്നു. ഈ മാസം 11ന് വെളുത്തവാവിനോടനുബന്ധിച്ച് കടലേറ്റത്തിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി കനത്ത നാശനഷ്ടമുണ്ടായിരുന്നു.
പുത്തൻതോട് സെന്റ് ജൂഡ് ചാപ്പലിനും കണ്ണമാലി ശ്രീരാമ ക്ഷേത്രത്തിനും സമീപമാണ് ജിയോ ബാഗുകൾ സ്ഥാപിച്ചുതുടങ്ങിയത്. കണ്ണമാലി വാട്ടർടാങ്ക്, പൊലീസ് സ്റ്റേഷൻ, ചെറിയ കടവ് എന്നിവിടങ്ങളിൽ ഒരു പ്രതിരോധ നടപടിയും സ്വീകരിച്ചു തുടങ്ങിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടിപ്പറമ്പ്, കൈതവേലി, മാനാശേരി, സൗദി എന്നിവിടങ്ങളിൽ കടൽഭിത്തി തകർന്ന നിലയിലാണ്.
പ്രതിഷേധിച്ചിട്ടും ഫലമില്ല
കാലവർഷം ശക്തമാകും മുമ്പേ മുൻകരുതലെടുക്കണമെന്ന് നേരത്തേ അധികൃതരെ ഓർമ്മപ്പെടുത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഏപ്രിൽ 11ന് കളക്ടറേറ്റിലേക്ക് ജനകീയവേദി മാർച്ച് നടത്തിയതിനെ തുടർന്ന് മേയ് 15നു മുൻപ് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും പാലിച്ചില്ല. തുടർന്ന് മേയ് 24ന് കടലിലിറങ്ങി പ്രതിഷേധിച്ചു. ചെല്ലാനം പഞ്ചായത്തിന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. 25 മുതൽ കടലേറ്റമുണ്ടായി. ഹൈക്കോടതി കർശന നിർദ്ദേശം നൽകിയതിനെ തുടർന്ന് കളക്ടറുടെ നേതൃത്വത്തിൽ ഇറിഗേഷൻ-പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹർജിക്കാരുടെ അഭിഭാഷകർ എന്നിവരുടെ യോഗം ചേർന്നെങ്കിലും പരിഹാരമായില്ല. ജിയോ ബാഗുകൾ കൊണ്ട് കാര്യമില്ലെന്നും തുറസായ മേഖലകളിൽ കരിങ്കല്ലുകൾ നിരത്തുകയാണ് പരിഹാരമെന്നും ഇവർ പറയുന്നു.
ദൗത്യം ശ്രമകരം
ഒരു ജിയോ ബാഗിൽ ഏകദേശം 600 കിലോഗ്രാം മണ്ണാണ് നിറയ്ക്കുന്നത്. ഒരു മീറ്റർ പൂർത്തിയാക്കാൻ 12 ബാഗുകൾ വേണ്ടിവരും. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ പരമാവധി പത്തുമീറ്റർ നീളത്തിൽ 1.80 മീറ്റർ ഉയരമുള്ള ഭിത്തി പൂർത്തിയാക്കാനാകും. 120 ബാഗുകൾ ഇതിന് ആവശ്യമായി വരുന്നു. മണലിന്റെ ലഭ്യതയും ഒരു പ്രധാന ഘടകമാണ്. കടൽത്തീരത്തെ മണലാണ് നിറയ്ക്കുന്നതെങ്കിലും ദൗത്യം ശ്രമകരമാണ്.
തീരദേശവാസികളുടെ ശ്രദ്ധയ്ക്ക്
കടലിലെ ഒഴുക്ക്
കാറ്റിന്റെ ദിശ, വേഗം
തിരമാലകളുടെ മാറ്റം
വെള്ളം കലങ്ങി മറിയുന്നുണ്ടോയെന്ന്
വടക്കു പടിഞ്ഞാറ് നിന്ന് തെക്കുകിഴക്കൻ ഭാഗത്തേക്ക് കാറ്റും ഒഴുക്കുമുണ്ടായാൽ കടലേറ്റം ശക്തമായാലും നാശനഷ്ടങ്ങളുടെ വ്യാപ്തി കുറവായിരിക്കും. തെക്കുപടിഞ്ഞാറു നിന്ന് തെക്കു കിഴക്കോട്ട് കാറ്റും ഒഴുക്കുമുണ്ടായാൽ കടൽ ആക്രമണകാരിയാകും. ഇതു മുൻകൂട്ടി പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ വാവ് അടുക്കുമ്പോൾ ആശങ്കയാണ്.
വി.ടി. സെബാസ്റ്റ്യൻ, ചെല്ലാനം-കൊച്ചി
ജനകീയവേദി കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |