കൊച്ചി: വിവാഹവാഗ്ദാനം നൽകി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നും 34ലക്ഷം രൂപ തട്ടിയെടുത്തുവെന്നും യുവതിയുടെ പരാതി. കൊല്ലം സ്വദേശിനിയും പ്രവാസിയുമായ 35കാരിയാണ് പരാതിക്കാരി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായും വിവാഹിതനുമായ പ്രവാസിക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. 2022ലാണ് കേസിനാസ്പദമായ സംഭവം.
പരാതിക്കാരിയും പ്രതിയും വിദേശത്തുവച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി. വീടുപണി പൂർത്തിയാൽ മാത്രമെ വിവാഹം നടക്കൂവെന്ന് പ്രതി യുവതിയെ അറിയിച്ചു. ഇതോടെ യുവതി പല തവണകളായി 34 ലക്ഷം രൂപ നൽകി. ഈ പണം കൊണ്ട് വീട് നിർമ്മിച്ചെങ്കിലും യുവതിയെ ഒഴിവാക്കാനായി വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന് പ്രതി അറിയിച്ചു. എന്നാൽ ഒരുമിച്ച് ജീവിക്കണമെന്ന് യുവതി നിർബന്ധം പിടിച്ചതോടെ വിവാഹം രജിസ്റ്റർ ചെയ്യാമെന്ന ഉറപ്പിൽ കൊച്ചിയിൽ എത്തിച്ച് ആഡംബര ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് രജിസ്റ്റർ വിവാഹത്തിൽ നിന്ന് ഇയാൾ പിന്മാറി. പ്രതി വിവാഹിതനാണെന്ന് അറിഞ്ഞതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
ഇ-മെയിൽ വഴിയാണ് ആദ്യം പരാതി ലഭിച്ചത്. പിന്നീട് ഇവർ നേരിട്ടെത്തി മൊഴി നൽകി. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി യുവതിയുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്താനാണ് പൊലീസ് ഒരുങ്ങുന്നത്. വിദേശത്തുള്ള പ്രതിയെ നാട്ടിൽ എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |