കൊച്ചി: അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് നിർമ്മാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിന് വിപണിവില ഉൾപ്പെടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭൂവുടമകൾ പ്രക്ഷോഭത്തിലേക്ക്. ഭൂവുടമകൾ രൂപീകരിച്ച അങ്കമാലി-കുണ്ടന്നൂർ ബൈപാസ് ആക്ഷൻ കൗൺസിൽ സെൻട്രൽ കമ്മിറ്റിയാണ് സമരവുമായി മുന്നോട്ട് പോകുന്നത്. പാതയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിനും കെട്ടിടത്തിനും അർഹമായ നഷ്ടപരിഹാരം ലഭിക്കുമോയെന്ന ആശങ്കയിലാണ് ഭൂവുടമകളെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
ആദ്യഘട്ടമായി നാളെ രാവിലെ 10 മണിക്ക് വടക്കൻ പറവൂർ ഡെപ്യൂട്ടി കളക്ടർ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിക്കും. എസ്. ശർമ്മ ധർണ ഉദ്ഘാടനം ചെയ്യും. സമിതി കൺവീനർ പോൾസൺ കുടിയിരിപ്പിൽ, മുഖ്യ ഉപദേഷ്ടാവ് ആന്റണി ഡി. പാറക്കൽ, ജനറൽ കൺവീനർ സജി കുടിയിരിപ്പിൽ, സെക്രട്ടറി ജോണി തെയ്കന്നത്, ട്രഷറർ റോയ് ജെയിംസ് എന്നിവർ സംസാരിക്കും. സ്ഥലം ഏറ്റെടുക്കാൻ പുറപ്പെടുവിച്ച 3 എ വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന 18 വില്ലേജുകളിലെയും ജനപ്രതിനിധികൾ ധർണയിൽ പങ്കെടുക്കും.
പ്രധാന ആവശ്യങ്ങൾ:
1. ഭൂമിക്ക് നഷ്ടപരിഹാരം: ഏറ്റെടുക്കുന്ന ഭൂമിക്ക് 2013ലെ സ്ഥലം ഏറ്റെടുപ്പ് നിയമം പൂർണമായി പാലിച്ച് നഷ്ടപരിഹാരം നൽകുക.
2. കെട്ടിടങ്ങൾക്ക് ആനുകൂല്യങ്ങൾ: കെട്ടിടങ്ങൾക്ക് കാലപ്പഴക്കം കണക്കാക്കാതെ ദേശീയപാത 66ന് നൽകിയ ആനുകൂല്യങ്ങൾ ദേശീയപാത 544 ആയ ബൈപ്പാസിനും നൽകുക.
3. പുനരധിവാസ ആനുകൂല്യങ്ങൾ: 2013ലെ സ്ഥലം ഏറ്റെടുപ്പ് നിയമം ഷെഡ്യൂൾ 2ൽ പറയുന്ന പുനരധിവാസ ആനുകൂല്യങ്ങൾ മുഴുവൻ പേർക്കും മുൻകൂറായി നൽകുക.
4. നിലം പുരയിടമായി കണക്കാക്കുക: രേഖകളിൽ നിലമെന്ന് രേഖപ്പെടുത്തിയതും നിലവിൽ പുരയിട സ്വഭാവമുള്ള ഭൂമികൾക്ക് പുരയിടമായി കണക്കാക്കി നഷ്ടപരിഹാരം നൽകുക.
5. ഭാഗികമായി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾ: ഭാഗികമായി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾക്ക് ഉടമ ആവശ്യപ്പെട്ടാൽ മുഴുവൻ കെട്ടിടവും ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുക.
6. ഉപയോഗശൂന്യമാകുന്ന വസ്തുക്കൾ: ഏറ്റെടുപ്പിന് ശേഷം ബാക്കിയാവുന്ന വസ്തു ഉപയോഗശൂന്യമാകുന്ന വിധത്തിലാണെങ്കിൽ ഉടമ ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുക.
7. കെട്ടിടനിർമ്മാണ അനുമതി: ദേശീയപാതയ്ക്ക് ഇരുവശവും ഗാർഹിക, വാണിജ്യ കെട്ടിടങ്ങൾക്ക് ഒഴിച്ചിടേണ്ട ദൂരപരിധിയിൽ ഇളവും പ്രവേശന അനുമതി നേടണമെന്ന വ്യവസ്ഥ ഒഴിവാക്കിയും കെട്ടിടനിർമ്മാണ അനുമതി നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |