പെരുമ്പാവൂർ: അനൗദ്യോഗിക കണക്കുപ്രകാരം 40 കോടിയും ഔദ്യോഗിക കണക്കു പ്രകാരം 28 കോടി രൂപയും ചെലവാക്കി കിഫ്ബി പണിത മണ്ണൂർ-പോഞ്ഞാശേരി റോഡ് കണ്ടാൽ മൂക്കത്ത് വിരൽവച്ചുപോകും. ബി.എം. ബി.സി നിലവാരത്തിൽ പണിതെന്ന് അവകാശപ്പെടുന്ന കുഴികളിൽ വാഴനട്ട് പ്രതിഷേധിക്കുകയാണ് ഇപ്പോൾ നാട്ടുകാർ. പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നിർവഹിച്ച റോഡാണിത്.
ടൈൽ ഇളകി, ടാർ പൊളിഞ്ഞു
10 കിലോമീറ്ററാണ് മണ്ണൂർ - പോഞ്ഞാശേരി റോഡ്. ഇതിൽ വാരിക്കാട് മുതൽ വെങ്ങോല വരെയുള്ള 2 കിലോമീറ്ററിൽ ബി.എം. ബി.സി. ഒഴിവാക്കി ടൈൽ ആണ് വിരിച്ചത്. ഭാരവണ്ടികൾ ധാരാളം പോകുന്ന ഈ റോഡിൽ ടൈലുകളെല്ലാം തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടു. ടൂവീലറുകൾ മറിഞ്ഞുള്ള അപകടം നിത്യമായി.
വീതി കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയിടത്ത് ടൈൽ വിരിച്ചത്. എന്നാൽ ഇതിനേക്കാൾ വീതികുറഞ്ഞ വെങ്ങോല- പോഞ്ഞാശേരി റോഡിൽ കനാലിന്റെ അരികിൽ പോലും ടാറാണ് ഇട്ടത്. എന്നാൽ, ബി.എം. ബി.സി നില വാരത്തിലെന്ന് അവകാശപ്പെടുന്ന മണ്ണൂർ മുതൽ വശിക്കാട് വരെയുള്ള ഭാഗത്തേയും വെങ്ങോല മുതൽ പോഞ്ഞാശേരി വരെയുള്ള റോഡിലെയും ടാറും ഇളകി കുഴികളായി.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡുകളുടെ അവസ്ഥ നാട്ടുകാർ പറയുക മാത്രമല്ല ശക്തമായ രീതിയിൽ പ്രതിഷേധിക്കുകയും വേണം.
അജിത് വെങ്ങോല
സാഹിത്യകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |