കൊച്ചി: നാല് മാസമായി തുടരുന്ന മഴ പൈനാപ്പിൾ കൃഷിക്ക് കനത്ത തിരിച്ചടിയായി. രോഗ, കീട ബാധകൾ വർദ്ധിച്ചതും ചെടികളുടെ വളർച്ച കുറഞ്ഞതും കൃഷിപ്പണികൾ തടസപ്പെട്ടതുമാണ് പ്രധാന പ്രശ്‌നങ്ങൾ. ഇതിനിടെ, വില്പന കുറഞ്ഞതോടെ പൈനാപ്പിളിന്റെ വില ഒൻപത് വർഷം മുൻപുള്ള നിലയിലേക്ക് കൂപ്പുകുത്തി. ഇത് ചെറുകിട കർഷകരെ സാരമായി ബാധിച്ചിരിക്കുകയാണ്.
പൈനാപ്പിൾ വാലി എന്നറിയപ്പെടുന്ന മൂവാറ്റുപുഴയിലെ വാഴക്കുളം ഉൾപ്പെടെയുള്ള പ്രധാന കൃഷി മേഖലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. തുടർച്ചയായ മഴ പൈനാപ്പിൾ കൃഷിക്ക് അനുകൂലമല്ല. ഈർപ്പം കാരണം കീടബാധ വർദ്ധിക്കുകയും ചെടികളും തൈകളും അഴുകുകയും ചെയ്യുന്നുണ്ട്. മഴക്കാലത്ത് കീടനാശിനി തളിച്ചാൽ ചെടിയിൽ പിടിക്കും മുമ്പ് മഴയിൽ ഒലിച്ചുപോകുന്നതിനാൽ ഫലം ലഭിക്കുന്നില്ല.
കൃഷിപ്പണികളും മഴയിൽ സാരമായി തടസപ്പെട്ടു. ചരിവുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതിനാൽ വളമിട്ടാൽ മണ്ണിൽ ചേരുന്നതിന് മുമ്പേ ഒലിച്ചുപോകും. ഇതുമൂലം വളപ്രയോഗം സാധിക്കുന്നില്ല.
തൊഴിലാളികളുടെ കുറവും പണിക്ക് തടസമാകുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ ലഭിച്ചാലും മഴ കാരണം പൂർണസമയം പണിയെടുക്കാൻ കഴിയുന്നില്ല. പണിക്കൂലി 600 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിച്ചിട്ടുമുണ്ട്. കൃത്യമായ പരിപാലനവും വളപ്രയോഗവും നടത്താൻ കഴിയാത്തത് ചെടികൾ നശിക്കാനും വിളവ് കുറയാനും കാരണമാകുമെന്ന് കർഷകർ പറയുന്നു. പഴയ ചെടികൾ പറിച്ച് തൈകൾ നടുന്നത് കുറഞ്ഞതും കൃഷിക്ക് തിരിച്ചടിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.
വില്പനയും വിലയും താഴോട്ട്
മഴ കാരണം ആവശ്യക്കാർ കുറഞ്ഞതോടെ പൈനാപ്പിളിന്റെ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഒൻപത് വർഷം മുൻപത്തെ വിലയിലും താഴെയാണ് കർഷകർക്ക് ലഭിക്കുന്നത്. ചൂടുകാലത്തുള്ളതുപോലെ പഴങ്ങൾക്ക് ആവശ്യക്കാരില്ല. ജ്യൂസിന് ആവശ്യക്കാർ കുറഞ്ഞതും പൈനാപ്പിൾ വില്പനയെ സാരമായി ബാധിച്ചിട്ടുണ്ട്.
പാട്ടനിരക്കും കാനി വിലയും ആശ്വാസം
സ്ഥലം പാട്ടത്തിനെടുത്ത് ഇടവിളയായി കൃഷി ചെയ്യുന്നവരാണ് പൈനാപ്പിൾ കർഷകരിൽ കൂടുതലും. പത്ത് ഏക്കർ സ്ഥലത്തിന് ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപയായിരുന്ന പാട്ടനിരക്ക് നിലവിൽ 70,000 രൂപയായി കുറഞ്ഞു. ചെറുകിട കർഷകരിൽ പലരും പിന്മാറിയതാണ് പാട്ടനിരക്ക് കുറയാൻ കാരണം.
കാനി (തൈ)ക്ക് മുമ്പ് 17 രൂപ വരെയായിരുന്നു വില. എന്നാൽ നിലവിൽ പരമാവധി ഒൻപത് രൂപയാണ് വില. കാനി സുലഭമായതാണ് വില കുറയാൻ കാരണം. പുതുക്കൃഷി നടത്തുന്നവർക്ക് ചെലവ് കുറയുന്നതിനാൽ ഈ വിലക്കുറവ് ഒരു ആശ്വാസമാണ്.
വില സ്‌പെഷ്യൽ ഗ്രേഡ് പച്ച പഴം
ഇന്നലെ 34 32 36
2016 ജൂലായ് 35 33 40
മഴ കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. അത്യാവശ്യ പണികൾ നടത്തി പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ് കർഷകർ.
ബേബി ജോൺ
പ്രസിഡന്റ്
പൈനാപ്പിൽ ഗ്രോവേഴ്സ് അസോസിയേഷൻ കേരള
മഴ തുടരുന്നത് രോഗബാധയ്‌ക്കും ചെടി അഴുകാനും കാരണമാകും. ശാസ്ത്രീയ പരിപാലനത്തിൽ കർഷകർ ശ്രദ്ധിക്കണം.
പൈനാപ്പിൾ ഗവേഷണ കേന്ദ്രം, വാഴക്കുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |