പള്ളുരുത്തി: ദിവസങ്ങൾക്ക് ശേഷം കടലിൽ മത്സ്യബന്ധനത്തിന് പോയ ചെല്ലാനം ഹാർബറിലെ വഞ്ചിക്കാർക്ക് കൈ നിറയെ പൂവാലൻ ചെമ്മീൻ ചാകര കോള്. കറുത്തവാവിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആരും കടലിൽ ഇറങ്ങിയിരുന്നില്ല. തുടർന്ന് ഇന്നലെ പോയവർക്കാണ് ചെമ്മീനും നത്തോലി കൊഴുവയും ലഭിച്ചത്.
ചെമ്മീൻ കിലോയ്ക്ക് 150 രൂപ നിരക്കിലാണ് ലേലത്തിൽ പോയത്. കൊഴുവയ്ക്ക് 70 രൂപ നിരക്കിലും. ചെല്ലാനം ഹാർബറിൽ കൂടുതലും ആലപ്പുഴ ജില്ലയിൽ നിന്നുള്ളവരാണ് മത്സ്യബന്ധനത്തിനെത്തുന്നത്. കൊച്ചിയിൽ നിന്ന് വളരെ കുറച്ച് തൊഴിലാളികളേ ഇവിടെയുള്ളൂ. ഏകദേശം 200 ഓളം വഞ്ചികളാണ് ചെല്ലാനത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചാളയും അയലയും കണി കാണാനില്ലെന്നാണ് ചെല്ലാനത്തെ തൊഴിലാളികൾ പറയുന്നത്.
31 ന് ശേഷം കടലിലേക്ക്
ട്രോളിംഗ് നിരോധനം കഴിയുന്നതോടെ 31ന് അർദ്ധരാത്രി മുതൽ തോപ്പുംപടി, വൈപ്പിൻ തുടങ്ങിയ സ്ഥലങ്ങളിലെ ഹാർബറുകളും വീണ്ടും സജീവമാകും. ബോട്ടുകൾ കടലിലേക്ക് പോയി തുടങ്ങും. ഇൻബോർഡ് വള്ളങ്ങൾ മുഴുവനും തോപ്പുംപടി ഹാർബറിലാണ് തൊഴിലെടുക്കുന്നത്. 30 പേർക്ക് കയറാവുന്ന വള്ളങ്ങൾ മാത്രമാണ് ചെല്ലാനത്ത് നിന്ന് പോകുന്നത്. നിരോധന സമയത്തും ഇവർ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നതിനാൽ മത്സ്യത്തിന് ക്ഷാമം കുറവായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |