കൊച്ചി: ക്രിപ്‌റ്റോ കറൻസി ട്രേഡിംഗിന്റെ പേരിൽ കൊച്ചിയിൽ വൻ തട്ടിപ്പ്. കാക്കനാട് സ്വദേശിയായ 59 വയസുകാരന് 11.34 ലക്ഷം രൂപയാണ് നഷ്ടമായത്. ഇദ്ദേഹത്തിന്റെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എൽ.എൽ.എൽ.ബി.ഐ.ടി, ബിനാൻസ് എന്നീ സ്വകാര്യ കമ്പനികളുടെ ഫിനാൻസ് അഡ്വൈസറായ ബൽബീർ, മറ്റൊരു ജീവനക്കാരിയായ ഖുശി ശർമ്മ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാർച്ചിലാണ് തട്ടിപ്പിന്റെ തുടക്കം. ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയാൽ വൻതുക ലാഭം ലഭിക്കുമെന്ന് പ്രതികൾ വാഗ്ദാനം നൽകി. വാട്സ്ആപ്പിലൂടെ കമ്പനിയുടെ ആപ്പുകളുടെ ലിങ്ക് കൈമാറി, ഇത് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അഞ്ച് തവണകളായി 11,34,700 രൂപ നിക്ഷേപം വാങ്ങുകയായിരുന്നു.
പിന്നീട് ലാഭമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് പരാതിക്കാരൻ തിരിച്ചറിഞ്ഞത്. നിക്ഷേപം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതികൾ തയ്യാറായില്ല, പിന്നീട് ഇവരെ ഫോണിലും ലഭിക്കാതെയായി.
കഴിഞ്ഞദിവസം 59 വയസുകാരൻ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. പ്രതികളുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും കൈമാറിയിട്ടുണ്ട്. ഇതിന് പിന്നിൽ ഒരു ഉത്തരേന്ത്യൻ തട്ടിപ്പ് സംഘമാണെന്നാണ് പോലീസ് കരുതുന്നത്.
തട്ടിപ്പ് രീതികൾ
വൻ ലാഭമുണ്ടാകുമെന്ന് വാട്സ്ആപ്പ് കോളുകളിലൂടെയും യൂട്യൂബർമാർ വഴിയും പ്രചരിപ്പിക്കും.
ആളുകളെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കും. ഈ ഗ്രൂപ്പുകളിൽ ലക്ഷങ്ങൾ ലാഭം ലഭിച്ചെന്ന സന്ദേശങ്ങൾ നിറയും. വിദേശികളാണെന്ന് തോന്നിപ്പിക്കുന്ന പ്രൊഫൈലുകളിലൂടെ എളുപ്പത്തിൽ കോടീശ്വരനാകാനുള്ള 'വിദ്യകൾ' പഠിപ്പിക്കും.
1000 രൂപയിൽ തുടങ്ങുന്ന ട്രേഡിംഗ് പരീക്ഷണത്തിൽ ലാഭം ലഭിക്കുന്നതായി കാണിച്ച് വിശ്വാസ്യത നേടും.
ലക്ഷങ്ങൾ നിക്ഷേപം ഉറപ്പായാൽ തട്ടിപ്പ് സംഘം വാട്സ്ആപ്പ് ബ്ലോക്ക് ചെയ്ത് മുങ്ങും. തുക പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിയുക.
ക്രിപ്‌റ്റോ കറൻസി
അത്യാധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിൻ ഉപയോഗിച്ച് നിർമ്മിക്കുന്ന സാങ്കല്പിക നാണയങ്ങളാണ് ക്രിപ്‌റ്റോ കറൻസികൾ. ഇതിൽ ഏറ്റവും പ്രചാരമുള്ളത് ബിറ്റ് കോയിനാണ്. ക്രിപ്‌റ്റോ ഇടപാടുകളിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാരും ആർ.ബി.ഐയും നിർദ്ദേശം നൽകിയിട്ടുണ്ട്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ക്രിപ്‌റ്റോ കറൻസികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |