കൊച്ചി: ഛത്തീസ്ഖണ്ഡിലെ ദുർഗിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കേസിൽ റിമാൻഡിലായ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് മന്ത്രിമാരായ റോഷി അഗസ്റ്റിനും പി. രാജീവും. ഇന്നലെ രാവിലെയാണ് ഇരുമന്ത്രിമാരും അങ്കമാലിയിലെ വീട്ടിലെത്തിയത്.
കുടുംബത്തിന്റെ ആശങ്കകൾ ഇരുവരും കേട്ടു. ഏതാനും നേരം ചെലവഴിച്ചു. സർക്കാരിന്റെ പിന്തുണയറിയിച്ചാണ് മടങ്ങിയത്.
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അതീവ പ്രതിഷേധാർഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആരോഗ്യ പരിപാലന രംഗത്തടക്കം വലിയ ഇടപെടലുകളാണ് മിഷണറി പ്രവർത്തനം നടത്തുന്ന കന്യാസ്ത്രീകൾ അടക്കമുള്ളവർ നടത്തുന്നത്.
പ്രായപൂർത്തിയായ രേഖകളുള്ള പെൺകുട്ടികളാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിയുടെയും ഒപ്പം ഉണ്ടായിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.
മതിയായ രേഖകൾ എല്ലാം ഹാജരാക്കിയിട്ടും കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നത്. ഇത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണ്. അതുകാണ്ടുതന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രശ്നമായല്ല സർക്കാർ ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ശക്തമായ പ്രതിഷേധം ഉയർത്താനും അറസ്റ്റിനെ നിയമപരമായി നേരിടാനുമാണ് സർക്കാരിന്റെ തീരുമാനമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മുഖ്യമന്ത്രി തന്നെ തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു.
സർക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും. ഡൽഹിയിലെ റെസിഡന്റ്സ് കമ്മിഷണറേറ്റിൽ നിന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നും പി. രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |