ആലുവ: വനിതകൾ ഭരണനിയന്ത്രണം കൈയ്യാളുന്ന കീഴ്മാട് ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി മാത്രം വാഴുന്നില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 പേരാണ് ഇവിടെ സെക്രട്ടറി കസേരയിലെത്തിയത്. പത്താമത്തെ സെക്രട്ടറി എം. ലത ഇന്നലെ റിലീവ് ചെയ്തതിന് പിന്നാലെ യാത്രയയപ്പും നൽകി. തിരുവനന്തപുരം സ്വദേശിനിയായ എം. ലതയ്ക്ക് സ്വന്തം ജില്ലയിലെ ചെങ്കൽ പഞ്ചായത്ത് സെക്രട്ടറിയായിട്ടാണ് സ്ഥലം മാറ്റം. കീഴ്മാടിലേക്ക് പകരം ആളെ നിയമിച്ചിട്ടുമില്ല.
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ 19 അംഗ ഭരണസമിതിയിൽ 10 പേരും സ്ത്രീകൾ. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായ ഇവിടെ ജനറൽ വിഭാഗത്തിലുള്ള വൈസ് പ്രസിഡന്റും മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷയും വനിതകളാണ്. ഇതിന് പുറമെ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം സ്ഥാപനങ്ങളുടെയും അമരത്ത് സ്ത്രീകളാണ്. എന്നാൽ, സെക്രട്ടറിമാർ മാത്രം വാഴുന്നില്ലെന്നതാണ് കൗതുകം.
സെക്രട്ടറിമാർ നിരന്തരം മാറുന്നതും കസേര ഒഴിഞ്ഞ് കിടക്കുന്നതുമെല്ലാം പഞ്ചായത്ത് ഭരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനങ്ങൾക്കാവശ്യമായ വിവിധ രേഖകൾ യഥാസമയം നൽകാനും കഴിയില്ല. സതി ലാലു പ്രസിഡന്റും സ്നേഹ മോഹനൻ വൈസ് പ്രസിഡന്റുമാണ്. എൽസി ജോസഫ്, റസീന നജീബ്, റസീല ഷിഹാബ് എന്നിവർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺസാണ്.
വലയ്ക്കുന്നത് യാത്ര
പ്രസിഡന്റ് സതി ലാലുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുതലയേൽക്കുമ്പോൾ കെ.പി. അംബികയായിരുന്നു സെക്രട്ടറി. പിന്നീട് സി. മണികണ്ഠൻ, എം.എസ്. സുധീരൻ, ബി. നവാസ്, യു. അബ്ദുൾ ഹക്കീം, ആർ.ആർ. സൗമ്യറാണി, പി.എച്ച്. അബ്ദുൾറഷീദ് എന്നിവരും സെക്രട്ടറിമാരായി.
ഇതിനിടെ സെക്രട്ടറി നിയമനം വൈകിയപ്പോൾ അസി. സെക്രട്ടറിമാരായിരുന്ന ശ്രീവിദ്യയും വിജിൽ എം. മോഹനനും സെക്രട്ടറി ചുമതലയും വഹിച്ചു. ഇവരും പിന്നീട് സ്ഥലം മാറിപ്പോയി.
ആലുവ നഗരത്തിൽ നിന്ന് കീഴ്മാട് പഞ്ചായത്ത് ഓഫീസിലേക്ക് ആറ് കിലോമീറ്റർ അകലം മാത്രമാണെങ്കിലും ഗതാഗത സൗകര്യകുറവാണ് ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്.
രണ്ട് സർക്കുലർ ബസുകളും പഞ്ചായത്ത് ഏർപ്പെടുത്തിയ 'ഗ്രാമവണ്ടി'യും മാത്രമാണ് നഗരത്തിലേക്ക് എത്തിപ്പെടാൻ ആശ്രയം. അതിനാൽ ഉദ്യോഗസ്ഥരുടെ താത്പര്യകുറവാണ് ഇവിടെ കസേര ഒഴിഞ്ഞുകിടക്കാൻ പ്രധാന കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |