കൊച്ചി: തകർന്ന് തരിപ്പണമായ ഇടപ്പള്ളി-വരാപ്പുഴ-പറവൂർ-കൊടുങ്ങല്ലൂർ റോഡ് പുനർ നിർമ്മിക്കണന്ന ആവശ്യത്തിൽ ഹൈബി ഈഡൻ എം.പി ഡെൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.
ഇടപ്പള്ളി- അരൂർ ഉയരപ്പാതക്കുള്ള ഡി.പി.ആർ തയാറാക്കൽ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്നും മന്ത്രിയോട് ഹൈബി ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെ ദേശീയപാത പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ള പതിനൊന്നര കോടി രൂപയുടെ എസ്റ്റിമേറ്റ് ഇതുവരെ പരിഗണിക്കപ്പെട്ടില്ല.
രണ്ടു വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചും ലഭിച്ച പരാതികളും ആക്ഷേപങ്ങളും വിവിധ തലങ്ങളിലെ ജന പ്രതിനിധികൾ ഉൾപ്പെടെ കൈമാറിയിരുന്ന നിർദേശങ്ങളും ഹൈബി ഈഡൻ മന്ത്രിയെ അറിയിച്ചു.
ഗതാഗത സ്തംഭനം, അപകട സ്ഥിതി, പരിതാപകരമായി തകർന്ന റോഡ്, ഇവ സംബന്ധിച്ച ഫോട്ടോകളും വീഡിയോകളും മാദ്ധ്യമ റിപ്പോർട്ടുകളും ഉൾപ്പെടെ എം.പി മന്ത്രിക്ക് കൈമാറി.
പ്രശ്‌നങ്ങൾ ഗൗരവപൂർവം പരിഗണിക്കുമെന്നും അനുകൂല നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. ഇടപ്പള്ളി- അരൂർ ഉയരപ്പാതക്കുള്ള നടപടികൾ വേഗത്തിലാക്കാമെന്നും മന്ത്രി അറിയിച്ചു.
2023 മുതൽ ഉയരപ്പാത സംബന്ധിച്ച വിഷയങ്ങൾ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. മന്ത്രിയുടെ ഉറപ്പടോയാണ് നേരത്തെ ഉയരപ്പാതയുടെ അലൈൻമെന്റ് പഠനം ഉൾപ്പെടെ, വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായി ഒരു ഏജൻസിയെ ചുമതലപ്പെടുത്തിയത്. ഈ ഏജൻസി പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിരുന്നു. എന്നാൽ, പാലാരിവട്ടം ബൈപാസ് ജംഗ്ഷനിലെ നിർദ്ദിഷ്ട മെട്രോ ലൈൻ പരിഗണിക്കേണ്ടതിനാൽ ദേശീയ പാതാ അതോറിറ്റി ഈ പ്രാഥമിക റിപ്പോർട്ട് മടക്കി. മെട്രോ ലൈനും ദേശീയ പാതയും പരസ്പരം കൂടിച്ചേരുന്ന (ക്രോസ് ഓവർ) ഇടത്തെ ഡിസൈൻ പരിഷ്‌കരിക്കാനും നിർദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |