കൊച്ചി: ഡോൾഫിനുകളുടെ പ്രണയവും ഇണചേരലും ഇന്ത്യയിൽ ആദ്യമായി ഡ്രോൺ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) ഗവേഷകർ. ഹംപ് ബാക്ക് ഡോൾഫിനുകളുടെ ഇണചേരലും അതിനു മുന്നോടിയായുള്ള ചലനങ്ങളും സ്വഭാവസവിശേഷതകളും ഉൾപ്പെടുന്ന മൂന്നു മിനിറ്റ് നീളുന്ന വീഡിയോ ഗവേഷകർ പഠനവിധേയമാക്കി. 24 മുതൽ 29 സെക്കന്റ് വരെ നീളുന്ന ഇണചേരലും അനുബന്ധ ചലനങ്ങളും വിശകലനം ചെയ്തു. ഒന്നോ അതിലധികമോ വൃത്താകൃതിയിലുള്ള പ്രത്യേക നീന്തൽ നടത്തിയാണ് ഇണചേരുന്നത്. അത്തരത്തിലുള്ള പൂർണചക്രം ചിത്രീകരിച്ചു.
കൊച്ചി തീരക്കടലിൽ നടത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് നാല് ഡോൾഫിനുകൾ ഉൾപ്പെട്ട ഒരു കൂട്ടത്തെ കണ്ടെത്തിയത്. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പരിപാടിയുടെ ഭാഗമായി നടത്തിയ ഇന്ത്യയിലെ കടൽ സസ്തനികളുടെ കണക്കെടുപ്പിലാണ് അപൂർവ ദൃശ്യങ്ങൾ ലഭിച്ചത്. ഡോൺ ഉപയോഗിച്ചുള്ള പഠനം വഴി കടൽ സസ്തനികളുടെ സ്വാഭാവിക പെരുമാറ്റത്തിന് തടസമുണ്ടാക്കാതെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്ന് സിഫ്റ്റ് അധികൃതർ പറയുന്നു.
ഏഷ്യയിലെ ആദ്യത്തെ ദൃശ്യങ്ങൾ
ഹംപ് ബാക്ക് ഡോൾഫിനുകളുടെ ഇണചേരൽ ദൃശ്യങ്ങൾ വീഡിയോയിൽ ലഭിക്കുന്നത് ഏഷ്യയിൽ തന്നെ ആദ്യമായാണ്.ഗവേഷണത്തിന്റെ ഫലങ്ങൾ അന്താരാഷ്ട്ര ഗവേഷണ ഗ്രന്ഥമായ റീജിയണൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീനിയർ സയന്റിസ്റ്റ് ഡോ. പ്രജിത്ത് കെ.കെ. യുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിൽ ഡോ. പരസ് നാഥ് ജാ, ഡോ. റിതിൻ ജോസഫ്, ഡോ. ദിജു ദാസ്, ഋഷികേശ്, ഇമ്മാനുവൽ, അബു താഹിർഷാ എന്നിവർ ഉൾപ്പെടുന്നു.
ഡോൾഫിൻ സംരക്ഷണം
ഇന്ത്യയിൽ എല്ലാ സമുദ്ര സസ്തനികളെയും 1972ലെ ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം അനുസരിച്ച് ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നുണ്ട്. പ്രാദേശികമായി 'പാണ്ടൻ പന്നി' എന്ന് വിളിക്കപ്പെടുന്ന ഹംപ് ബാക്ക് ഡോൾഫിനുകൾ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ്.
ഇണചേരുന്ന ദൃശ്യങ്ങൾ ഹംപ് ബാക്ക് ഡോൾഫിനുകളുടെ സാമൂഹിക പ്രജനന പെരുമാറ്റ സ്വഭാവത്തെപ്പറ്റി വരുംകാല പഠനത്തിന് നിർണായക പങ്കുവഹിക്കും.
ജോർജ് നൈനാൻ
ഡയറക്ടർ, സിഫ്‌റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |