പെരുമ്പാവൂർ: പെരുമ്പാവൂരിൽ 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. അസാം നൗഗാവ് സ്വദേശി അബ്ദു റൗഫിനെയാണ് (35) പ്രത്യേക അന്വഷണസംഘം പോഞ്ഞാശേരിയിൽ നിന്ന് ഇന്നലെ അറസ്റ്റുചെയ്തത്.
ഞായറാഴ്ച പോഞ്ഞാശേരിയിൽനിന്ന് 150 ഗ്രാം ഹെറോയിനുമായി രണ്ടുപേർ പിടിയിലായിരുന്നു. ഇവരിൽ ഹിബ്ജുൻ നഹാർ എന്ന യുവതിയുടെ ഭർത്താവാണ് പിടിയിലായ അബ്ദു റൗഫ്. നാഗാലാൻഡിൽനിന്ന് മയക്കുമരുന്ന് ട്രെയിനിൽ കൊണ്ടുവന്ന് അബ്ദുറൗഫിനെ ഏൽപ്പിക്കും. ഇയാളാണ് ഇവിടെ വില്പന നടത്തിവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അബ്ദു റൗഫിനെ കഴിഞ്ഞ മാർച്ചിൽ 30ഗ്രാം ഹെറോയിനുമായി പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. ഒന്നരമാസം ജയിലിൽ കഴിഞ്ഞു. ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്.ഐ പി.എം. റാസിക്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, ശ്രീജ, സീനിയർ സി.പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, സിബിൻ സണ്ണി, ജിഷ്ണു, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |