കൊച്ചി: റെയിൽപ്പാളം കടക്കുന്നതിനിടെ ട്രെയിൻ കണ്ട് ഭയപ്പെട്ട നിർമ്മാണത്തൊഴിലാളി പാളത്തിൽ ഉപേക്ഷിച്ച സൈക്കിൾ ട്രെയിനിടിച്ച് തവിടുപൊടിയായി. അപകടത്തെ തുടർന്ന് എൻജിനടിയിൽ കുരുങ്ങിയ സൈക്കിളിന്റെ ഭാഗങ്ങൾ നീക്കാൻ നിറുത്തിയിട്ട ട്രെയിൻ യാത്ര പുറപ്പെട്ടത് 27 മിനിറ്റിന് ശേഷം. കടന്നുകളഞ്ഞ സൈക്കിൾ യാത്രക്കാരനെതിരെ ആർ.പി.എഫ് കേസെടുത്തു.
ഞായറാഴ്ച രാത്രി 9ന് എളമക്കര പുതുക്കലവട്ടത്തായിരുന്നു സംഭവം. വല്ലാർപാടം ടെർമിനലിലേക്കുള്ള പാളം ഉൾപ്പെടെ മൂന്ന് ട്രാക്കുകളാണ് ഇവിടെയുള്ളത്. എളമക്കര പുന്നയ്ക്കൽ ദേവീക്ഷേത്രത്തിന് സമീപം താമസിക്കുന്ന നിർമ്മാണത്തൊഴിലാളി സൈക്കിളുമായി രണ്ട് പാളങ്ങൾ കടന്ന് മൂന്നാമത്തെ ട്രാക്കിൽ കയറിയപ്പോഴാണ് ട്രെയിൻ കാണുന്നത്. ഗോരഖ്പൂരിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പോയ രെപ്തിസാഗർ എക്സ്‌പ്രസാണ് മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലെത്തിയത്. ഭയന്ന തൊഴിലാളി ട്രാക്കിലേക്ക് സൈക്കിളിട്ട് മറുഭാഗത്തേക്ക് ചാടി രക്ഷപ്പെട്ടു.
ലോക്കോപൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ടെങ്കിലും സൈക്കിളും തകർത്ത് മുക്കാൽകിലോമീറ്ററോളം മുന്നോട്ടുപോയാണ് നിന്നത്. എൻജിനിൽ കുടുങ്ങിയ സൈക്കിളിന്റെ അവശിഷ്ടങ്ങൾ മാറ്റിയതിന് ശേഷം 9.27ന് യാത്ര തുടർന്നു. ഈ ട്രെയിനിന് പിന്നാലെ വന്ന മറ്റൊരു ട്രെയിൻ ഇടപ്പള്ളിയിൽ നിറുത്തിയിട്ടു.
എറണാകുളം നോർത്ത് ആർ.പി.എഫ് സൈക്കിൾ അവശിഷ്ടങ്ങൾ ശേഖരിച്ച് സ്റ്റേഷനിലേക്ക് മാറ്റി. പരിസരവാസികളുടെ സഹായത്തോടെയാണ് ഇന്നലെ തൊഴിലാളിയെ തിരിച്ചറിഞ്ഞത്. ബന്ധു മരിച്ചതിനാൽ കസ്റ്റഡിയിലെടുത്തില്ല. റെയിൽവേ വക സ്ഥലത്ത് അതിക്രമിച്ചു കടന്നതിനും ട്രെയിൻയാത്ര തടസപ്പെടുത്തിയതിനുമാണ് കേസ്. കഴിഞ്ഞ ഏഴിന് സൗത്ത് കളമശേരിയിൽ സൈക്കിളുമായി പാളം മുറിച്ചുകടക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |