കൊച്ചി: ദ്വീപുകളും കണ്ടൽക്കാടുകളും താണ്ടിയൊരു കായൽയാത്ര. മെട്രോ നഗരത്തിൽ നിന്ന് ഗ്രാമീണതയിലേക്കെത്താൻ മിനിറ്റുകളുടെ യാത്ര മാത്രം. കാഴ്ചയുടെ കൗതുകവും മനസിന് കുളിർമ്മയും പകരുകയാണ് കടമക്കുടി ഗ്രാമീണ ടൂറിസം.
ദേശീയശ്രദ്ധ നേടിയ കടമക്കുടിയിലേയ്ക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ കടമക്കുടിക്കാഴ്‌ച്ചകൾ എന്ന സന്ദർശനപരിപാടി സംഘടിപ്പിച്ചു.
എറണാകുളം ഹൈക്കോടതി ജെട്ടിയിൽ ആരംഭിച്ച് താന്തോണിത്തുരുത്ത്, ചിറ്റൂർ, കോതാട്, മൂലമ്പിള്ളി, പിഴല വഴിയാണ് കായൽയാത്ര കടമക്കുടിയിൽ എത്തിയത്. കടമക്കുഴികാഴ്ചകൾ യാത്രയ്ക്ക് മന്ത്രി പി. രാജീവ് പച്ചക്കൊടി വീശി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്‌ടർ ജി. പ്രിയങ്ക, മെട്രോപ്പോലീത്തൻ കൗൺസിൽ ചെയർമാൻ ബെനഡിക്‌ട് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. യാത്രയ്‌ക്ക് ഡി.ടി.പി.സി സെക്രട്ടറി ലിന്റോ ജോസഫ്, ജിഡ സെക്രട്ടറി രഘുറാം, കോ ഓർർഡിനേറ്റർ മനോജ് പടമാടൻ എന്നിവർ നേതൃത്വം നൽകി.
മാസ്റ്റർ പ്ളാൻ ഒരുങ്ങുന്നു
15 ചെറുദ്വീപുകൾ ചേർന്നതാണ് കടമക്കുടി. കായലും കണ്ടൽക്കാടുകളും മീൻവളർത്തൽ കേന്ദ്രങ്ങളും നിറഞ്ഞതാണ് കടമക്കുടി. ഗ്രാമീണവിഭവങ്ങളും കയാക്കിംഗ് പോലുള്ള ജലകേളികൾക്കും വിശ്രമം, വിനോദം എന്നിവയ്‌ക്കും അനുയോജ്യം. കടമക്കുടിയുടെ ടൂറിസം സാദ്ധ്യതകൾ വിലയിരുത്തി പദ്ധതികൾ തയ്യാറാക്കാൻ മാസ്റ്റർ പ്ളാൻ തയ്യാറാക്കിവരുകയാണ്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്തതും പ്രാദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതുമായ പദ്ധതികളാണ് നടപ്പാക്കുക.
എറണാകുളം ജെട്ടിയിൽ നിന്ന് കടമക്കുടിയിലെത്തി കാഴ്ചകളും ഭക്ഷണവും ആസ്വദിച്ച് മടങ്ങുന്ന ഏകദിന പാക്കേജ് ഡി.ടി.പി.സി തയ്യാറാക്കും.
റോഡ് മാർഗം വരാപ്പുഴയിലൂടെ കടമക്കുടിയിൽ എത്തുന്ന പാക്കേജും ഒരുക്കും
പ്രദേശത്ത് ഹോംസ്റ്റേ നടത്താൻ താല്പര്യമുള്ളവർ, പ്രാദേശിക ഭക്ഷ്യവിഭവങ്ങൾ ഒരുക്കുന്നവർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, പൊതുജനങ്ങൾ, സംരംഭകർ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് എട്ടുമാസത്തിനകം മാസ്റ്റർ പ്ളാൻ പൂർത്തിയാക്കും.
ലിന്റോ ജോസഫ്
സെക്രട്ടറി
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |