കൊച്ചി: കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിലെ തീരങ്ങളിലാണ് ഏറ്റവും കൂടുതൽ തിമിംഗിലങ്ങൾ ചത്തടിയുന്നതെന്ന് സി.എം.എഫ്.ആർ.ഐ റിപ്പോർട്ട്. അറബിക്കടലിന്റെ തീരങ്ങളിൽ തിമിംഗിലങ്ങൾ ചത്തടിയുന്നത് പത്തു വർഷത്തിനിടെ പത്തിരട്ടിയായി. 2004-2013 കാലയളവിൽ പ്രതിവർഷം 0.3 ശതമാനം ആയിരുന്നത് 2013-14 ആയപ്പോഴേക്കും മൂന്നു ശതമാനമായി. കർണാടകയും ഗോവയുമാണ് മറ്റു സംസ്ഥാനങ്ങൾ.
തീരങ്ങളിൽ ബ്രൈഡ്സ് തിമിംഗിലങ്ങളാണ് കൂടുതലായി ചാകുന്നത്. 2023ലെ സർവേയിൽ ഒമ്പത് തിമിംഗിലങ്ങൾ ചത്തതായി കണ്ടെത്തിയിരുന്നു. ആഗസ്റ്റ്, നവംബർ മാസങ്ങളിലാണിത്. 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്ത്യയിലെ സമുദ്രസസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പ്രൊജക്ടിന് കീഴിൽ സീനിയർ സയന്റിസ്റ്റ് ഡോ. ആർ. രതീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം. 2003 മുതൽ 2023 വരെയുള്ള ഡേറ്റയാണ് പഠനവിധേയമാക്കിയത്. തൽസമയ മുന്നറിയിപ്പുകളും തിമിംഗല സംരക്ഷണ ശൃംഖലകളും ആവശ്യമാണെന്ന് പഠനം നിർദേശിച്ചു. മത്സ്യത്തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകണം.
തീറ്റ തേടിയെത്തുന്നത്
അപകടത്തിലേക്ക്
കാലവർഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ തീരക്കടലുകളിൽ ചെറുമത്സ്യങ്ങൾ വർദ്ധിക്കും. ഇവയെ ലക്ഷ്യംവച്ച് തീരക്കടലിലേക്ക് നീങ്ങുന്ന തിമിംഗിലങ്ങൾ ആഴം കുറഞ്ഞ പ്രദേശങ്ങളിൽ കുടുങ്ങുകയോ കരയ്ക്കടിയുകയോ ചെയ്യും. ഇതോടൊപ്പം, പ്രക്ഷുബ്ധമായ കടലിൽ ദിശയറിയാതെയും എത്തുന്നുണ്ട്.
വിനയാകുന്നത്
കൂടുതൽ കപ്പൽ ഗതാഗതം
അമിത മത്സ്യബന്ധനം
പാരിസ്ഥിതിക ഘടകങ്ങൾ
ആവാസകേന്ദ്രങ്ങളുടെ തകർച്ച
ആഴം കുറഞ്ഞ തീരക്കടൽ
കപ്പൽ അപകടങ്ങൾ
രാസമാലിന്യങ്ങളുടെയടക്കം ചോർച്ച
സമുദ്രോപരിതല താപനില കൂടുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |