കൊച്ചി: 29-ാമത് സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്‌ലറ്റിക് മീറ്റ് 20, 21 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിലെ 1,800 താരങ്ങൾ മാറ്റുരയ്ക്കും. പെരുമ്പാവൂർ പ്രഗതി അക്കാഡമിയാണ് ക്ലസ്റ്റർ അത്‌ലറ്റിക് മീറ്റിന് ആതിഥ്യം വഹിക്കുന്നത്. വിജയികൾക്ക് സി.ബി.എസ്.ഇ ദേശീയ അത്‌ലറ്റ് മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുൾപ്പടെ വിശിഷ്ടവ്യക്തികളും വിദ്യാർത്ഥികളും പങ്കെടുക്കുന്ന ലഹരിക്കെതിരായ ബോധവത്കരണ കൂട്ടയോട്ടത്തോടെ ട്രാക്കും ഫീൽഡും ഉണരും. 20ന് രാവിലെ 10ന് എൻ.സി.സി കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ വിക്രാന്ത് അധികാരി പതാക ഉയർത്തും. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ദീപശിഖ കൈമാറും. എറണാകുളം റേഞ്ച് ഐ.ജി സതീഷ് ബിനോയ് ഉദ്ഘാടനം ചെയ്യും. അത്‌ലറ്റിക് മീറ്റിന്റെ ജനറൽ കൺവീനർ ഡോ. ഇന്ദിര രാജൻ അദ്ധ്യക്ഷയാകും.
സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ രാജീവ് ബർവ മുഖ്യപ്രഭാഷണം നടത്തും. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി വാരിയർ, അത്‌ലറ്റിക് മീറ്റ് ചീഫ് കോ ഓർഡിനേറ്ററും പ്രഗതി അക്കാഡമി പ്രിൻസിപ്പലുമായ സുചിത്ര ഷൈജിന്ത് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |