കൊച്ചി: പെരിയാറിലെ മലിനീകരണം തടയുന്നതിന്റെ ഭാഗമായി കൈവഴിയായ കുഴികണ്ടം തോട് വൃത്തിയാക്കുന്ന വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനായി ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ (എച്ച്.ഐ.എൽ) ഉടമസ്ഥതയിലുള്ള 75 സെന്റ് സ്ഥലം കേരള സർക്കാരിനു കൈമാറുന്ന കാര്യത്തിൽ അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാർ തീരുമാനം അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. നദിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അസോസിയേഷൻ ഒഫ് ഗ്രീൻ ആക്ഷൻ ഫോഴ്‌സ്, പെരിയാർ മലിനീകരണ വിരുദ്ധ സമിതി ഉൾപ്പെടെ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
നാഷണൽ ക്ലീൻ എനർജി ഫണ്ടിൽ കേന്ദ്രസർക്കാരിന്റെ വിഹിതമായ 40% ലാപ്‌സായി എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചിരുന്നു. ഇതിന് വീണ്ടും അനുവദിക്കേണ്ടത് കേന്ദ്രസർക്കാരാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നും അർഹമായ തുക ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കുഴികണ്ടം തോട് സംബന്ധിച്ച വിഷയം ഒക്ടോബർ ആറിനു വീണ്ടും പരിഗണിക്കും. പെരിയാറുമായ ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ അടുത്തയാഴ്ച പരിഗണിക്കും.
കുഴികണ്ടം തോട് നവീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പക്കലുള്ള തുക സംബന്ധിച്ച് അറിയിക്കണം.
തോട് ശുദ്ധീകരണത്തിനും പ്ലാന്റിന്റെ നിർമ്മാണത്തിനും കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ മേൽനോട്ടവും പങ്കാളിത്തവും എങ്ങനെയെന്ന് അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |