കൊച്ചി: സിറോമലബാർസഭാ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ കൂട്ടസ്ഥലം മാറ്റ വിവാദം കൊഴുക്കുന്നു. ഏകീകൃത കുർബാന അർപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ഫാ. അഗസ്‌റ്റിൻ വട്ടോലി വികാരിപദം രാജിവച്ചു. ഫാ. ജോഷി പുതുവയെ ഭാരതമാതാ സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിന്റെ ഡയറക്‌ടറും പ്രിൻസിപ്പലുമായി നിയമിച്ചതിനെതിരെ പ്രതിഷേധം ഉയർന്നു.
99 വൈദികരെ സ്ഥലംമാറ്റി അതിരൂപതാ വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി ഉത്തരവിട്ടിരുന്നു. ഈ മാസം 27ന് പ്രാബല്യത്തിൽ വരുന്നതാണ് സ്ഥലംമാറ്റങ്ങൾ. ഏകീകൃത കുർബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വൈദികരുമായി സൃഷ്‌ടിച്ച സമവായത്തിന്റെ തുടർച്ചയായാണ് സ്ഥലംമാറ്റം.
കടമക്കുടി സെന്റ് അഗസ്റ്റിനോസ് പള്ളി വികാരി ഫാ. അഗസ്‌റ്റിൻ വട്ടോലിയാണ് രാജിവച്ചത്. ഏകീകൃത കുർബാന അർപ്പിക്കില്ലെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിക്ക് നൽകിയ രാജിക്കത്തിൽ പറയുന്നു. ജനാഭിമുഖ കുർബാന അർപ്പിക്കുന്ന ആരാധനാ സ്വാതന്ത്ര്യമായി പ്രഖ്യാപിക്കുമ്പോൾ രാജി പിൻവലിക്കും. ഏകീകൃത കുർബാന അർപ്പിക്കണമെന്ന് ഒരു ഇടവകാംഗം ആവശ്യപ്പെട്ടാൽ പിന്മാറുമെന്ന് ഫാ. വട്ടോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരു ഇടവകാംഗം ഏകീകൃത കുർബാന ആവശ്യപ്പെട്ടതോടൊണ് രാജി. രാജിതീരുമാനം വ്യക്തിപരമാണ്. മറ്റാർക്കും പങ്കില്ല. നഡ് ബിഷപ്പുമാർക്കുമെതിരെ വിമർശനവും രാജിക്കത്തിലുണ്ട്. ഇന്നലെ വൈകിട്ട് അദ്ദേഹം പള്ളി വിട്ടു.
പരിഷ്‌കരണവാദി, പൊതുപ്രവർത്തകൻ
സഭാനേതൃത്വത്തിന്റെ വഴിവിട്ട നീക്കങ്ങളെ വിമർശിക്കുന്ന ഫാ. വട്ടോലി ജനകീയസമരങ്ങളിലും പങ്കാളിയാണ്. വിവാദമായ സ്ഥലമിടപാട്, ജനാഭിമുഖ കുർബാന നിലനിറുത്താനുള്ള സമരം എന്നിവയിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചു.
ജലന്ധർ മുൻബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ കന്യാസ്ത്രീകൾ എറണാകുളം വഞ്ചി സ്‌ക്വയറിൽ നടത്തിയ സമരത്തിൽ ഫാ. വട്ടോലി സജീവമായി പങ്കെടുത്തിരുന്നു.
ഫാ. പുതുവക്കെതിരെ അന്വേഷണം
ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം എം.ജി സർവകലാശാല വൈസ് ചാൻസലറുടെ അന്വേഷണം നേരിടുന്ന ആലുവ ചൂണ്ടിയിലെ ഭാരതമാതാ സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിന്റെ ഡയറക്‌ടറും പ്രിൻസിപ്പലുമായ ഫാ. ജോഷി പുതുവയെ നീക്കിയില്ലെങ്കിൽ സമരം നടത്തുമെന്ന് അൽമായ മുന്നേറ്റം അറിയിച്ചു.
വിദ്യാർത്ഥികൾ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് ബാർ കൗൺസിൽ ഉത്തരവിട്ടത്. 18 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഫാ. പുതുവയെന്ന് പരാതിയിൽ പറയുന്നു. അത്തരമൊരാൾ നിയമ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നത് മോശമാണെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |