കൊച്ചി: വീടുകളിൽ നിന്ന് ഡയപ്പറും സാനിറ്ററി നാപ്കിനും ഉൾപ്പെടെയുള്ള ഗാർഹിക ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്തത് ജില്ലയിൽ പലയിടത്തും പ്രതിസന്ധി സൃഷ്ടിക്കുന്നു. സാനിറ്ററി നാപ്കിനുകൾ ശേഖരിക്കുന്ന സ്ഥലങ്ങളിലാകട്ടെ സംവിധാനങ്ങൾ കൃത്യമായി നടപ്പാക്കാത്തതാണ് പ്രശ്‌നം. കുട്ടികൾ, കിടപ്പുരോഗികൾ, സ്ത്രീകൾ എന്നിവരുടേതടക്കം ബയോ മെഡിക്കൽ മാലിന്യങ്ങൾ പലയിടത്തും കൃത്യമായി സംസ്‌കരിക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. ഒരു കിടപ്പ് രോഗിയുള്ള വീട്ടിൽ ഒരാഴ്ച കുറഞ്ഞത് 5 മുതൽ 10 കിലോ വരെ ബയോമെഡിക്കൽ മാലിന്യം ഉണ്ടാകും. ഡയപ്പർ, ബെഡ്പാഡ്, ഗ്ലൗവ് തുടങ്ങിയവ ഉൾപ്പെടെയാണിത്. കുട്ടികൾ ഉള്ള വീട്ടിലും ഇതിനടുത്ത് ബയോമെഡിക്കൽ മാലിന്യമുണ്ടാകും. ബയോ മെഡിക്കൽ മാലിന്യ സംസ്‌കരണത്തിന് കൃത്യമായ പദ്ധതികൾ തയാറാക്കിയെന്ന് സർക്കാരും തദ്ദേശ വകുപ്പും അവകാശപ്പെടുമ്പോഴാണ് ജില്ലയിലെ ദുരിതാവസ്ഥ.
കൊച്ചിയിൽ പ്രശ്‌നം രൂക്ഷം
കൊച്ചി നഗരത്തിലെ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണത്തിന് വീണ്ടും വൻതുക ഈടാക്കാൻ തുടങ്ങി. നേരത്തെ ഒരു കിലോയ്ക്ക് 12 രൂപയും 18 ശതമാനം ജി.എസ്.ടിയുമായിരുന്നു നൽകേണ്ടിയിരുന്നത്. ഇപ്പോഴത് 45 രൂപയും ജി.എസ്.ടിയുമായി ഉയർന്നു. ബയോമെഡിക്കൽ മാലിന്യം സംസ്‌കരിക്കുന്ന കെയിൽ പ്ലാന്റിൽ മെയിന്റനൻസ് നടക്കുന്നതിനാലാണ് ഇതെന്നാണ് നഗരസഭയുടെ വിശദീകരണം.
ഒരുമാസം 30 കിലോ ബയോ മെഡിക്കൽ മാലിന്യത്തിന് 500 രൂപയിൽ താഴെ മുടക്കേണ്ടിയിരുന്നത് ഇപ്പോൾ 1500ന് അടുത്തേക്കെത്തി.ഇതിന് പുറമെയാണ് ജി.എസ്.ടി.
കവറിന് വരെ ജി.എസ്.ടി
ബയോമെഡിക്കൽ മാലിന്യ ശേഖരണത്തിനുള്ള കവറിന് ഏഴ് രൂപയാണ് നിരക്ക്. ഈ കവറിനുമുണ്ട് 18ശതമാനം ജി.എസ്.ടി. നേരത്തെ, അമ്പലമുകളിലെ കീൽ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ സ്വകാര്യ കമ്പനി മാലിന്യം പുറത്തുള്ള പ്ലാന്റിലാണ് സംസ്‌കരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കോർപ്പറേഷൻ സബ്‌സിഡി നിറുത്തലാക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബ്രഹ്മപുരത്ത് മൂന്നര കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പ്ലാന്റിൽ പ്രതിദിനം മൂന്ന് ടൺ മാലിന്യം സംസ്‌കരിക്കാൻ സാധിക്കും. അത് സജ്ജമാകുന്നത് വരെ നിലവിലെ വെല്ലുവിളി തുടരുമോ എന്നാണ് ആശങ്ക.
വേർതിരിച്ച് മാലിന്യ ശേഖരണം
1. മഞ്ഞ, ചുവപ്പ്, വെള്ള, നീല എന്നീ കാറ്റഗറികളിലായാണ് മാലിന്യശേഖരണം
2. ഓരോ ദിവസവും ഓരോ മേഖലകൾ തിരിച്ചാണ് ബയോമാലിന്യങ്ങൾ ശേഖരിക്കുന്നത്
3. മുൻകൂട്ടി ആപ്പിലൂടെ ബുക്ക് ചെയ്യാം
മഞ്ഞ
കുട്ടികളുടെയും മുതിർന്നവരുടെയും ഡയപ്പർ
സാനിറ്ററി പാഡ്
മെഡിക്കൽ മാലിന്യം
ഡിസ്‌ക്രീറ്റ്
ഹെയർ
ചുവപ്പ്
കത്തീറ്റർ
ഗ്ലൗവ്സ്
ട്യൂബിംഗ്
യൂറിൻ ബാഗ്
വെള്ള
ബ്ലേഡ്
സൂചി
നീല
ആംപ്യൂൾ
മരുന്ന് കുപ്പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |