ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതിക്ക് അർപ്പിക്കാനുള്ള പൂജാപുഷ്പങ്ങൾ ഇനി വിരിയുക ക്ഷേത്ര സന്നിധിയിലും സമീപ പ്രദേശങ്ങളിലും. ചോറ്റാനിക്കര ദേവസ്വവും ഉപദേശകസമിതിയുമാണ് ക്ഷേത്രത്തിന് സമീപത്ത് കാടുപിടിച്ചു കിടക്കുന്ന ഭൂമിയിൽ തെച്ചിയും തുളസിയും നട്ടുപിടിപ്പിക്കുന്നത്. വടക്കാഞ്ചേരി പറളിക്കാട് സ്വദേശി ഡോ. 'ഐശ്വര്യ" സുരേഷിന്റെയും സഹോദരി പുത്രൻ പ്രദീപ് കണ്ണന്റെയും നേതൃത്വത്തിലാണ് ക്ഷേത്രപരിസരത്ത് പുഷ്പോദ്യാനം ഒരുക്കുന്നത്.
ആദ്യഘട്ടമായി 200 ലധികം തെച്ചി തൈകൾ നട്ടു. വരും ദിവസങ്ങളിൽ ആയിരത്തിലധികം തൈകൾ നട്ടുപിടിപ്പിക്കും. ദേവസ്വം ബോർഡ് മെമ്പർ സുരേഷ് ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ യഹുലദാസ്, മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
• വിനയത്തിന്റെ പര്യായമായി 'ഐശ്വര്യ" സുരേഷ്
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ സ്കൂളിന്റെ പടിയിറങ്ങേണ്ടി വന്ന സുരേഷ് കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും വഴികളിലൂടെ പൊരുതി നേടിയതാണ് ജീവിതം. ശബരിമലയിലും തൃശൂരും ഗുരുവായൂരും പൂന്തോട്ടം ഒരുക്കിയ ഐശ്വര്യ സുരേഷ് എന്നറിയപ്പെടുന്ന സുരേഷ് ഹൈബ്രിഡ് ഇനം തെച്ചി തൈകളാണ് ചോറ്റാനിക്കരയിൽ നട്ടുപിടിപ്പിക്കുന്നത്. പർളിക്കാട്ടെ സ്വന്തം സ്ഥലത്ത് തൃശൂർ ജില്ലയിലെ വിവിധ ക്ഷേത്രങ്ങൾക്കായി സൗജന്യമായി പുഷ്പങ്ങൾ നൽകാൻ പുഷ്പ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായ ഈ വടക്കാഞ്ചേരി സ്വദേശി ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. ഇതിനിടയിലാണ് സ്വാമി പുരുഷോത്തമ തീർത്ഥയുടെ ഡ്രൈവറായത്. സ്വാമി ഒരു ലോറി വാങ്ങി നൽകി. കഠിനാദ്ധ്വാനത്തിലൂടെ പത്തിലധികം ടിപ്പറുകളുടെ ഉടമയായി. സ്വാമിയാണ് ഐശ്വര്യ സുരേഷ് എന്ന പേര് നൽകിയത്.
എല്ലാ വർഷവും ആയിരത്തിലധികം കുട്ടികൾക്ക് ഓണപ്പുടവയും കിറ്റും സൗജന്യ യൂണിഫോമും 30 വയോധികർക്ക് 1000 രൂപ വീതം പ്രതിമാസ പെൻഷനും സുരേഷ് നൽകുന്നുണ്ട്. തമിഴ്നാട് സർവകലാശാല ഡോക്ടറേറ്റ് പദവി നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |