പല പ്രശ്നങ്ങൾക്കും താത്കാലിക പരിഹാരമായെന്ന് കളക്ടറുടെ സമിതി
കൊച്ചി: ദേശീയപാതയിലെ നിർമ്മാണം കാരണം ഗതാഗതക്കുരുക്ക് നിലനിൽക്കുന്നതിനാൽ തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവിനുള്ള വിലക്ക് തുടരും. ശോചനീയാവസ്ഥയിലായ റോഡിന് ടോൾ പിരിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജികളിൽ ഇന്നും വാദം തുടരും. സർവീസ് റോഡുകളുടെയടക്കം അറ്റകുറ്റപ്പണി സംബന്ധിച്ച വിശദീകരണങ്ങൾ പരിശോധിച്ച ശേഷം ടോൾ പിരിവിനുള്ള താത്കാലിക വിലക്ക് നീക്കണോ എന്നതിൽ തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
തൃശൂർ ജില്ലാ കളക്ടർ ചെയർമാനായ ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ചില വിഷയങ്ങളിൽ കോടതി നേരത്തേ വ്യക്തത തേടിയിരുന്നു. ഹർജിക്കാർക്ക് കമ്മിറ്റി മുമ്പാകെ പരാതികൾ ഉന്നയിക്കാമെന്നും അറിയിച്ചിരുന്നു. ഇതുപ്രകാരം, ബുധനാഴ്ച നടത്തിയ യോഗം ദേശീയപാതാ അതോറിട്ടി നടത്തുന്ന മിക്കവാറും അറ്റകുറ്റപ്പണികളിൽ സംതൃപ്തി രേഖപ്പെടുത്തി. നാറ്റ്പാക്കിലെ വിദഗ്ദ്ധരുടെ സഹായവും തേടിയിരുന്നെന്ന് ഓൺലൈനായി ഹാജരായ തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ കോടതിയെ അറിയിച്ചു.
തീരാത്ത പ്രശ്നങ്ങൾ
പേരാമ്പ്രയിൽ എറണാകുളം ഭാഗത്തേക്കുള്ള സർവീസ് റോഡിലെ പ്രതലവ്യതിയാനവും കുഴികളും, മുരിങ്ങൂരിലെ കിഴക്കൻ പ്രവേശന മാർഗത്തിലെ ലെവലിംഗും ടാറിംഗും, മുരിങ്ങൂർ ജംഗ്ഷനിലെ ടാറിംഗ് എന്നീ പ്രശ്നങ്ങളാണ് എൻ.എച്ച്.എ.ഐ പരിഹരിച്ചത്. ചിറങ്ങരയിൽ മാർഗതടസം സൃഷ്ടിച്ചിരുന്ന പഴയ ടെലിഫോൺ ബോക്സ് നീക്കിയെങ്കിലും വൈദ്യുതി പോസ്റ്റും കലുങ്ക് ഭിത്തിയും നിലനിൽക്കുകയാണെന്നും കളക്ടറുടെ റിപ്പോർട്ടിൽ വിശദീകരിച്ചു.
ആമ്പല്ലൂരിലടക്കം സർവീസ് റോഡുകളിൽ കുഴി രൂപപ്പെട്ടതും വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന പഞ്ചായത്ത് റോഡുകളുടെ ശോച്യാവസ്ഥയുമാണ് പരാതിക്കാർ പ്രധാനമായും ഉന്നയിച്ചത്. അടിപ്പാതകളുടെ പണി നടക്കുന്നിടത്ത് വെള്ളക്കെട്ട് പ്രശ്നമുണ്ടെന്നും ടാറിംഗ് നിലവാരമില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ടാറിംഗ് ഉന്നത നിലവാരത്തിലാണെന്നും പഞ്ചായത്ത് റോഡുകൾ സംസ്ഥാനത്തിന്റെ ചുമതലയിലാണെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. പ്രധാനപാതകൾ വൈകാതെ തുറക്കുമെന്നിരിക്കേ സർവീസ് റോഡുകൾ വീതി കൂട്ടണമെന്ന ആവശ്യം അധികച്ചെലവുണ്ടാക്കുമെന്നും വാദിച്ചു.
അടിപ്പാത പണി ഇഴയുന്നു
പ്രധാനപാതയിൽ അടിപ്പാതകളുടെ നിർമ്മാണം മന്ദഗതിയിലാണെന്ന് കളക്ടർ കോടതിയെ അറിയിച്ചു. വേഗം പൂർത്തീകരിക്കുന്നതാണ് ശാശ്വത പരിഹാരം. അതുവരെ അടിയ്ക്കടിയുള്ള അറ്റകുറ്റപ്പണി ഉണ്ടാകണമെന്നും വ്യക്തമാക്കി. ഹർജിക്കാരുടെ മറുപടി കൂടി കേട്ടശേഷം ഉചിതമായ തീരുമാനമെടുക്കാമെന്ന് ഡിവിഷൻബെഞ്ച് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |