കൊച്ചി: കുസാറ്റ് അപകടത്തിന്റെ രണ്ടാം വാർഷികത്തോട് അടുക്കുന്ന വേളയിൽ നാല് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ കണ്ണീർ സ്മാരകമായ ഓപ്പൺ എയർ ഓഡിറ്റോറിയം പുതുരൂപത്തിലേക്ക്. 47 ലക്ഷം രൂപ മുടക്കിലാണ് ഓപ്പൺ എയർ ഓഡിറ്റോറിയം പുനർ നിർമ്മിക്കുന്നത്. സിവിൽ, ഇലക്ട്രിക്കൽ ജോലികൾ ഉൾപ്പെടെയാണ് നിർമ്മാണം. സിവിൽ ജോലികൾ വളരെ വേഗം പുരോഗമിക്കുന്നു. നേരത്തെ നവീകരണത്തിനായി കുസാറ്റിന്റെ ബഡ്ജറ്റിൽ 10 ലക്ഷം മാറ്റി വെച്ചിരുന്നു.
ഹിന്ദി വിഭാഗത്തിനു സമീപത്തുവെച്ച് രണ്ടായി തിരിയുന്നതിൽ വലതുവശത്തക്കുള്ള വഴി ഓഡിറ്റോറിയം പുനർ നിർമ്മാണത്തോടെ ഇല്ലാതെയാകും. ഈ ഭാഗം കൂടി കൂട്ടിച്ചേർത്ത് ഓഡിറ്റോറിയത്തിന്റെ വലിപ്പം കൂട്ടിയാണ് പുനർ നിർമ്മാണം നടക്കുന്നത്. നിലവിൽ അർദ്ധവൃത്താകൃതിയിലുള്ള ഓഡിറ്റോറിയം അപകടശേഷം ആകെ തുറന്നു നൽകിയത് ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ വോട്ടെണ്ണലിനു വേണ്ടി മാത്രമായിരുന്നു.
മാറ്റങ്ങളോടെ പുനർനിർമ്മാണം
റോഡ് നിരപ്പിൽ നിന്നു താഴേക്കുള്ള ചെരിവിലാണ് ഓപ്പൺ എയർ ഓഡിറ്റോറിയം. താഴേക്കിറങ്ങാൻ മൂന്നു കവാടങ്ങൾ, നടുവിലെ കവാടത്തിൽ നിന്ന് താഴേക്ക് 11 സിമന്റ് പടികൾ. പടികൾക്ക് വീതി കുറവായിരുന്നു. ഇതും പുനർ നിർമ്മാണത്തിൽ പരിഹരിക്കപ്പെടും.
ഓഡിറ്റോറിയം നവീകരണവും പ്രശ്‌നങ്ങളുമെല്ലാം സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതി, നാലംഗ പാനൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് എന്നിവയിൽ ഉൾപ്പെട്ടിരുന്നു. പിടിച്ചിറങ്ങാൻ കൈവരി പോലുമില്ലാത്ത ഓഡിറ്റോറിയം പോരായ്മകൾ പരിഹരിച്ച് നവീകരിച്ച് ഉപയോഗയോഗ്യമാക്കണം എന്നായിരുന്നു നിർദ്ദേശം. ഭാവിയിൽ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഓഡിറ്റോറിയത്തിൽ പുതിയ ക്രമീകരണങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രധാന കവാടം വി.ഐ.പി പ്രവേശന കവാടമായേക്കും
പടികളുടെ വീതി വർദ്ധിപ്പിക്കൽ
ഇരുവശത്തുമുള ഗേറ്റുകളിലൂടെ പ്രവേശനം
ഗേറ്റുകളിലേക്കുള്ള വാഹന ഗതാഗതത്തിന് പുതിയ റോഡ്
പുറത്തുനിന്നുള്ള പ്രവേശനം തടയാൻ പിൻവശത്തുള്ള വിക്കറ്റ് ഗേറ്റ് അടക്കും
വെളിച്ചം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ വിളക്കുകൾ
കുസാറ്റ് ദുരന്തം
2023 നവംബർ 25ന്
ആൾക്കൂട്ടം --2000ത്തിലേറെ യുവാക്കൾ
ആകെയുണ്ടായിരുന്നത്-- 350ൽ താഴെ വോളണ്ടിയർമാർ
മരണം --- 4
പരിക്കേറ്റത് ----64 പേർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |