കൊച്ചി: കൊച്ചി കോർപ്പറേഷന്റെയും കുടുംബശ്രീയുടെയും അഭിമാന പദ്ധതിയായ സമൃദ്ധി കിച്ചൻ സതേൺ റെയിൽവേയിലെ ട്രെയിനുകളിലെ സേവനവും കടന്ന് കൊച്ചി കപ്പൽശാലയിലേക്കും. കപ്പൽശാലയിലെ കാന്റീൻ സമൃദ്ധി ഏറ്റെടുത്തു. നാലായിരത്തോളം വരുന്ന കരാർ തൊഴിലാളികൾക്ക് ഒക്ടോബർ ഒന്നുമുതൽ സമൃദ്ധിയുടെ പെൺകരുത്ത് അന്നം വിളമ്പും.
സമൃദ്ധി ഏറ്റെടുത്ത രണ്ടാമത്തെ കാന്റീനാണിത്. മൂന്നുമാസം മുമ്പ് വിശാലകൊച്ചി വികസന അതോറിറ്റിയുടെ (ജി.സി.ഡി.എ) കടവന്ത്ര ആസ്ഥാനത്തെ കാന്റീനിലായിരുന്നു ആദ്യപരീക്ഷണം. ജീവനക്കാർക്ക് 30 രൂപയ്ക്കും പൊതുജനങ്ങൾക്ക് 40 രൂപയ്ക്കും ഊണും മറ്റ് വിഭവങ്ങളുമായി തുടങ്ങിയ സംരംഭം ഹിറ്റായി. ആയിരം ഊണിൽ കുറയാതെ കച്ചവടമുണ്ട്. മുകളിലത്തെ ഒരു നിലയിലേക്ക് കൂടി കാന്റീൻ വ്യാപിപ്പിക്കാനുള്ള ആലോചനയും തുടങ്ങി.
പൊതുജനത്തിന് പ്രവേശനമില്ല
എറണാകുളത്തെ വ്യവസായ ശാലകളിലെ ഏറ്റവും വലിയ കാന്റീനുകളിലൊന്നാണ് കപ്പൽശാലയിലേത്. ആയിരം ഊണുമായാകും തുടക്കം. സുരക്ഷാകാരണങ്ങളാൽ പൊതുജനത്തിന് പ്രവേശനമില്ല. ജി.സി.ഡി.എ കാന്റീന്റെ വിജയത്തെ തുടർന്ന് കപ്പൽശാല സമൃദ്ധിയെ സമീപിക്കുകയായിരുന്നു. ഒരേ സമയം ആയിരം പേർക്ക് ഭക്ഷണം വിളമ്പാനുള്ള സൗകര്യവും വിശാലമായ അടുക്കളയുമുണ്ട് ഇവിടെ. ആദ്യഘട്ടം വിഭവങ്ങളേറെയും പരമാര റോഡിലെ സെൻട്രൽ കിച്ചനിൽ നിന്നെത്തിക്കും. ജി.സി.ഡി.എയിലെ മെനു തന്നെയാകും. 30 രൂപയ്ക്കാണ് ഊണ് നൽകുക. മറ്റ് വിഭവങ്ങളുടെ വില നിശ്ചയിച്ചിട്ടില്ലെങ്കിലും വിപണിയിലേക്കാൾ 40 ശതമാനമെങ്കിലും കുറവായിരിക്കും. സ്ഥിരംജീവനക്കാർക്ക് വേണ്ടി മറ്റൊരു കാന്റീൻ കൂടി കപ്പൽശാലയിലുണ്ട്.
റെയിൽവേയിൽ നിന്ന് കപ്പലിലേക്ക്
ട്രെയിനുകളിൽ കൊച്ചിയിൽ നിന്ന് ഭക്ഷണം നൽകുന്ന ദൗത്യം രണ്ട് മാസം മുമ്പാണ് സമൃദ്ധി ഏറ്റെടുത്തത്. ഐ.ആർ.സി.ടി.സി. സമൃദ്ധിയുടെ അടുക്കള സന്ദർശിച്ച് വിലയിരുത്തിയാണ് ഓർഡർ നൽകിയത്. കൊച്ചിയിലൂടെ കടന്നുപോകുന്ന മൂന്ന് ട്രെയിനുകളിലാണ് നിലവിൽ സമൃദ്ധിയുടെ ഭക്ഷണം. ഉടനെ അഞ്ച് ട്രെയിനുകളിലേക്ക് കൂടി നൽകും. രുചി, ഗുണം, ശുചിത്വം, പ്രൊഫഷണലിസം, വിലക്കുറവ് എന്നിവയിൽ മുന്നിൽ നിൽക്കുന്ന സമൃദ്ധി കിച്ചന്റെ സേവനം തേടി പല സ്ഥാപനങ്ങളും സമീപിക്കുന്നുണ്ട്.
ഊണ് @ Rs.20
• വിശപ്പുരഹിത കൊച്ചി എന്ന ലക്ഷ്യവുമായി കൊച്ചി കോർപ്പറേഷൻ തുടക്കമിട്ട പദ്ധതി
• 2021ൽ നോർത്ത് പരമാര റോഡിലെ കോർപ്പറേഷൻ മന്ദിരത്തിൽ ആരംഭം
• പത്തുരൂപയുടെ ഊണ് ജനം ഏറ്റെടുത്തു. സബ്സിഡി നിന്നതോടെ 20 രൂപയായി.
• അടുക്കള മുതൽ ബില്ലിംഗും ക്ളീനിംഗും വരെ ആധുനികം
• 24 മണിക്കൂറും കുറഞ്ഞ ചെലവിൽ വെജ്, നോൺവെജ് ഭക്ഷണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |