ഉത്സവനടത്തിപ്പ് ദേവസ്വം ബോർഡ് ഏറ്റെടുത്തേക്കും
കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം വൻപ്രതിസന്ധിയിലേക്ക്. ഉപദേശകസമിതിയിൽ കൂട്ടരാജി. ജോ. സെക്രട്ടറിയും വൈസ് പ്രസിഡന്റും മേളക്കമ്മിറ്റി കൺവീനറും ഉൾപ്പടെ ഏഴ് പേർ രാജിവച്ചു. സമിതിയിൽ രണ്ട് ദേവസ്വം ഉദ്യോഗസ്ഥർ കൂടാതെ 19 അംഗങ്ങളാണുള്ളത്. കൂടുതൽ പേർ ഉടനെ രാജി സമർപ്പിക്കുമെന്നാണ് വിവരം. ഉത്സവ നടത്തിപ്പിലെ രാഷ്ട്രീയ ഇടപെടലും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കലും മറ്റുമാണ് രാജിയിലേക്ക് നയിച്ചത്. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇലത്താളം ജീവനക്കാരൻ ശരത്തിനെ ശനിയാഴ്ച സ്ഥലം മാറ്റിയിരുന്നു.
വൈസ് പ്രസിഡന്റ് പി.എസ്. പ്രസന്ന, മേളക്കമ്മിറ്റി കൺവീനർ ആലാപ് പി. കൃഷ്ണ, കമ്മിറ്റി അംഗങ്ങളായ കെ.കെ. നന്ദകുമാർ, കെ.എ. റെജി, ടി.കെ. സരള, ജ്യോതി പൈ എന്നിവരാണ് ഇന്നലെ രാജി സമർപ്പിച്ചത്. ജോ. സെക്രട്ടറി അജിത്ത് സുന്ദർ വെള്ളിയാഴ്ച രാജി സമർപ്പിച്ചിരുന്നു.
നവംബർ 19 മുതൽ 26 വരെയാണ് ഉത്സവം. നിലവിൽ മേളം, സുവനീർ, ഫിനാൻസ് കമ്മിറ്റികൾ നിശ്ചലമായി. ആനക്കമ്മിറ്റി മാത്രമാണ് സജീവം. വൃശ്ചികോത്സവം പാളിയാൽ നാണക്കേടാകുമെന്നതിനാൽ നടത്തിപ്പ് ഏറ്റെടുക്കാനുള്ള ചർച്ചകളിലാണ് കൊച്ചിൻ ദേവസ്വം ബോർഡ്. കഴിഞ്ഞ വർഷവും ബോർഡ് നേരിട്ടാണ് ഉത്സവം നടത്തിയത്.
• പ്രശ്നമായത് ചെണ്ടമേളം
വൃശ്ചികോത്സവത്തിലെ ചെണ്ടമേളത്തെച്ചൊല്ലിയുള്ള കലഹമാണ് കൂട്ടരാജിയിലെത്തിയത്.
കഴിഞ്ഞ വർഷം എട്ട് ദിവസത്തെ മേളം എട്ട് പ്രമാണിമാർക്കാണ് നൽകിയത്. ക്ഷേത്രത്തിലെ ജാതിവിവേചനങ്ങൾക്ക് അതീതമായി പ്രാദേശിക കലാകാരന്മാർക്ക് അവസരങ്ങൾ ലഭിച്ചതിനാൽ ജനകീയവുമായി. ഇതു തുടരാനായിരുന്നു കമ്മിറ്റി തീരുമാനമെങ്കിലും രാഷ്ട്രീയഇടപെടലിൽ പ്രമുഖനായ മേളപ്രമാണിക്ക് എട്ടുദിവസവും മേളം നൽകാൻ ധാരണയായി. പ്രതിഷേധിച്ച് മേളക്കമ്മിറ്റി കൺവീനർ ആലാപ് എം. കൃഷ്ണൻ ദേവസ്വം ബോർഡിന് പരാതി നൽകി. വൃശ്ചികോത്സവത്തിനും തുലാം 9 ഉത്സവത്തിനും മേളക്കാരെ നിശ്ചയിച്ചത് കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമാണെന്നും തങ്ങളെ പുറത്ത് നിറുത്തിയാണ് മേളപ്രമാണിയുടെ തൃശൂരിലെ വീട്ടിൽ വച്ച് ധാരണയുണ്ടാക്കിയതെന്നും പരാതിയിൽ പറയുന്നു.
• 2 കോടിയുടെ ഉത്സവം
ദേവസ്വം ഓഫീസർ ശനിയാഴ്ച വിളിച്ച ഫിനാൻസ് കമ്മിറ്റിയോഗം കൺവീനർ ഉൾപ്പടെ അംഗങ്ങൾ ബഹിഷ്കരിച്ചതിനാൽ നടന്നില്ല. 1.66 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ചെലവ്. ഇക്കുറി രണ്ടുകോടിയോളം വേണ്ടിവരും. ഇതുവരെ 18 ലക്ഷം മാത്രമാണ് പിരിഞ്ഞത്.
ഉത്സവത്തിന് ഇനി
50 ദിവസങ്ങൾ മാത്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |