കൊച്ചി: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മഹാരാജാസ് കോളേജിലെ ഹോക്കി ടർഫ് തുറന്നു. ടർഫ് സംസ്ഥാനത്തിന്റെ കായിക ഭൂപടത്തിൽ പുതിയൊരു അടയാളപ്പെടുത്തലാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. . മന്ത്രി ബിന്ദുവും തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷും ടർഫിലെ ആദ്യ ഗോളുകൾ അടിച്ചാണ് ഉദ്ഘാടനം നടത്തിയത്. ഒമ്പതര കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ടർഫ് നിർമ്മിച്ചത്
ഹോക്കി ടർഫിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജ് സംവിധാനം ക്രമീകരിക്കാൻ 45 ലക്ഷം രൂപ കൂടി അനുവദിച്ചതായി മന്ത്രി ബിന്ദു പറഞ്ഞു. മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷനായി. കേരളത്തിൽ സമഗ്ര മേഖലയിലും സംഭവിക്കുന്ന വികസനത്തിന്റെ ഉദാഹരണമാണ് മഹാരാജാസ് കോളേജിലെ പുതിയ ഹോക്കി ടർഫെന്ന് അദ്ദേഹം പറഞ്ഞു.
സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് പദ്ധതിയുടെ മാനേജ്‌മെന്റ് കൺസൾട്ടന്റ്. ഗ്രേറ്റ് സ്പോർട്‌സ് ടെക് ലിമിറ്റഡിനായിരുന്നു നിർമാണ ചുമതല.
കോളേജിലെ ജി.എൻ.ആർ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ടി.ജെ. വിനോദ് എം.എൽ.എ , മേയർ അഡ്വ. എം. അനിൽ കുമാർ എന്നിവർ മുഖ്യാതിഥികളായി. വാർഡ് കൗൺസിലർ പത്മജ.എസ്. മേനോൻ, സി.എസ്.എം.എൽ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഷാജി വി. നായർ, എം.ജി സർവകലാശാല സിന്റിക്കേറ്റ് അംഗം ഡോ. ടി.വി. സുജ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജി.എൻ. പ്രകാശ്, ഗവേണിംഗ് ബോഡി അംഗം ഡോ. എം.എസ്. മുരളി, കായിക വിഭാഗം അദ്ധ്യക്ഷ റീന ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് എൻ.വി. വാസു, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി സാഗർ തുടങ്ങിയവർ പങ്കെടുത്തു.
1.5 കോടി കൂടി
പരിഗണിക്കും
മഹാരാജാസ് കോളേജിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സമർപ്പിച്ച 1.5 കോടിയുടെ ശുപാർശ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സവിശേഷ സാന്നിധ്യമായി നിലനിൽക്കുന്ന സ്ഥാപനമാണ് മഹാരാജാസ് കോളേജ്. ഇതിന് ആനുപാതികമായ പരിഗണനയാണ് കഴിഞ്ഞ പത്ത് വർഷമായി സർക്കാർ നൽകി വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |