കൊച്ചി: കേരളാ തീരത്ത് ആവർത്തിക്കുന്ന കപ്പൽ അപകടങ്ങളും ബോട്ടുകളിലും വള്ളങ്ങളിലും കപ്പൽ ഇടിക്കുന്നതും മത്സ്യബന്ധന മേഖലയിൽ ആശങ്കയേറ്റുന്നു. 2012ൽ നടന്ന എൻറിക്ക ലക്‌സി വെടിവയ്‌പ്പിന് ശേഷം എട്ട് അപകടങ്ങളാണ് തീരത്തുണ്ടായത്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ ചട്ടങ്ങൾ ലംഘിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവും തുറമുഖ അധികാരികളും കോസ്റ്റൽ പൊലീസും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ പറഞ്ഞു. ബുധനാഴ്ച ബോട്ടിൽ കപ്പലിടിച്ചെങ്കിലും ദുരന്തം ഒഴിവായത് സമീപത്തെ മത്സ്യബന്ധബോട്ടുകളുടെ ഇടപെടൽ കൊണ്ടു മാത്രമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
എട്ട് നോട്ടിക്കൽ മൈൽ അകലെ അപകടം
ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് കണ്ണമാലിയിൽ നിന്ന് എട്ടു നോട്ടിക്കൽ മൈൽ ദൂരെ പ്രത്യാശ വള്ളത്തിൽ എം.എസ്.സി സിൽവർ രണ്ട് കപ്പൽ ഇടിച്ചത്. വല വിരിച്ച് മത്സ്യബന്ധം നടത്തിയിരുന്ന വള്ളത്തിലാണ് കപ്പലിടിച്ചത്. സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്ന നന്മ എന്ന വള്ളത്തിലെ തൊഴിലാളികൾ ബഹളം വച്ചതോടെ കപ്പൽ നിറുത്തിയതിനാൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചെങ്കിലും അപകടം ഒഴിവായി. 45 തൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു.
അന്താരാഷ്ട്ര ചട്ടങ്ങൾക്ക് പുല്ലുവില
1. ഇടിക്കുന്ന കപ്പലുകൾ നിറുത്താതെ പോകുന്നതാണ് പതിവെന്ന് തൊഴിലാളികൾ പറയുന്നു.
2. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ പെരുമാറ്റച്ചട്ടം കപ്പലുകൾ പൊതുവേ പാലിക്കുന്നില്ല.
3. കപ്പലുകൾക്കായി 50 കിലോമീറ്റർ പടിഞ്ഞാറായി പാത 2020ൽ ഷിപ്പിംഗ് ഡയറക്ടർ ജനറൽ നിശ്ചയിച്ചിട്ടുണ്ട്. അത് ലംഘിച്ചാണ് ഭൂരിപക്ഷം കപ്പലുകളും സഞ്ചരിക്കുന്നത്.
4. നിയമം ലംഘിച്ച ക്യാപ്‌റ്റനെ അറസ്റ്റ് ചെയ്യണം.
5. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം.
നഷ്‌ടം ഈടാക്കണം
പ്രത്യാശ വള്ളത്തിനുണ്ടായ നഷ്ടം കപ്പൽ കമ്പനിയിൽ നിന്ന് ഈടാക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (കെ.എസ്.എം.ടി.എഫ് ) ആവശ്യപ്പെട്ടു. ഏതാനും മാസം മുമ്പ് മുങ്ങിയ എം.എസ്.സിയുടെ സിൽവർ ടു കപ്പലാണ് അപകടമുണ്ടാക്കിയത്. എം.എസ്.സിയുടെ കപ്പലുകൾ കപ്പൽ ചാലുകൾ ലംഘിച്ച് സഞ്ചരിക്കുന്നതിനാലാണ് ദുരന്തങ്ങളുണ്ടാകുന്നത്. ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ റാസിക് പറഞ്ഞു.
എൻറിക്ക ലെക്‌സി വെടിവയ്പ്പ് 2012
മുങ്ങിയ കപ്പലുകൾ 2
തൊഴിലാളികളുടെ മരണം 15
മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും തൊഴിലിടത്തിനും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം.
ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
ചട്ടങ്ങൾ ലംഘിച്ച് സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരെ ഷിപ്പിംഗ് മന്ത്രാലയവും കോസ്റ്റൽ പൊലീസും നടപടി സ്വീകരിച്ചില്ലെങ്കിൽ തുറമുഖത്തുന്ന കപ്പലുകൾ തടയേണ്ടിവരും.
ജാക്‌സൺ പൊള്ളയിൽ
പ്രസിഡന്റ്
കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |