കൊച്ചി: നഗരത്തിലെ തണൽമരത്തിന് മുകളിൽ കയറിയ പെരുമ്പാമ്പ് 12 മണിക്കൂറിലേറെ വട്ടം ചുറ്റിച്ചു. പകൽ നീണ്ട വിശ്രമത്തിന് ഒടുവിൽ രാത്രി താഴെയെത്തും വരെ പാമ്പുപിടിത്തക്കാരും പൊലീസും കണ്ണിമവെട്ടാതെ കാത്തുനിന്നു.
എറണാകുളം ഫോർഷോർ റോഡിൽ പോസ്റ്റ്-മെട്രിക്ക് ഹോസ്റ്റലിനോട് ചേർന്ന കൂറ്റൻ വാകമരത്തിലാണ് പെരുമ്പാമ്പ് കയറിയത്. ബുധനാഴ്ച രാവിലെ 7.30ഓടെ കാക്കകളുടെ ബഹളം കേട്ട ഓട്ടോ ഡ്രൈവർമാരാണ് ഫയർഫോഴ്സിനെ അറിയിച്ചു. ക്ലബ് റോഡിൽ നിന്നെത്തിയ സേനാംഗങ്ങൾ വെള്ളം ചീറ്റി താഴെയിറക്കാൻ പദ്ധതിയിട്ടെങ്കിലും 38 അടി ഉയരത്തിൽ നിന്ന് താഴെവീണ് പരിക്കേൽക്കുമെന്നതിനാൽ വേണ്ടെന്നുവച്ചു.
സർക്കാർ അംഗീകൃത പാമ്പ് പിടിത്ത സംഘടന ‘സർപ്പ റെസ്ക്യൂസി’ലെ കെ.ജെ. ജോൺ രാജേഷും നാരായണനും എത്തി. കാക്കകളുടെ ബഹളം ശമിച്ചതോടെ പെരുമ്പാമ്പ് ചില്ലകളിൽ ചുറ്റിക്കിടന്ന് വിശ്രമിച്ചു. ഈസമയം വലിയ ജനക്കൂട്ടം പെരുമ്പാമ്പിനെ കാണാൻ ഫോർഷോർ റോഡിലും പരിസരത്തും കൂടി. ടി.ജെ. വിനോദ് എം.എൽ.എ., കൗൺസിലർ പദ്മജ എസ്. മേനോൻ, ഡി.എഫ്.ഒ ബിജു എന്നിവർ സ്ഥലത്തെത്തി. ജില്ലാ കളക്ടർ ജി. പ്രിയങ്ക സർപ്പ സംഘത്തെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കി.
രാത്രി താഴെ ഇറക്കം
രാത്രി ഏഴോടെ വലിയ ഫ്ലെക്സിബിൾ വടിയുമായി സർപ്പ സംഘത്തിലെ ശ്രീനിവാസ് കമ്മത്തും എത്തി. മരച്ചില്ലകളിൽ വടി കൊണ്ടടിച്ച് പെരുമ്പാമ്പിനെ താഴെയിറക്കാനായി ശ്രമം. കെ.എസ്.ഇബി ഓഫീസ് കെട്ടിടത്തിന്റെ സൺഷെയ്ഡിൽ കമ്മത്ത് വടിയുമായി കയറിയതും പെരുമ്പാമ്പ് ചില്ലകളിലൂടെ താഴേക്ക് ഊർന്നിറങ്ങാൻ തുടങ്ങിയതും ഒരുമിച്ചാണ്. മരത്തിന്റെ മദ്ധ്യത്ത് എത്തിയപ്പോൾ പൊടുന്നനെ താഴേക്ക് വീണു. വാകമരത്തിനടുത്തെ വാഴത്തോപ്പിൽ വീണതിനാൽ പരിക്കേറ്റില്ല. ശേഷം പെരുമ്പാമ്പിനെ ജോൺ രാജേഷും ശ്രീനിവാസ കമ്മത്തും ചേർന്ന് ബാഗിംഗ് സ്റ്റിക്ക് ഉപയോഗിച്ച് സുരക്ഷിതമായി പിടികൂടി. ഇടപ്പള്ളിയിലെ സോഷ്യൽ ഫോറസ്ട്രി ഓഫീസിന് കൈമാറി.
ഇന്ത്യൻ റോക്കിനം
10 അടി നീളവും 15 കിലോ തൂക്കവുമുള്ള ഇന്ത്യൻ റോക്കിനത്തിൽപ്പെട്ട പെരുമ്പാമ്പ് കിഴക്കൻ മലയോര മേഖലയിൽ നിന്ന് മഴവെള്ളപ്പാച്ചിലിൽ കായൽവഴി എത്തിയതാകാമെന്നാണ് അനുമാനം. പക്ഷിക്കൂട്ടിലെ മുട്ട തേടി മരത്തിൽ കയറുന്ന പതിവുണ്ട്. ഭക്ഷണം കഴിച്ചാൽ മരത്തിൽ കയറി വിശ്രമിക്കുന്ന പതിവുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |