ക്വട്ടേഷൻ സംഘത്തിന്റെ അതിക്രമം തൃക്കാക്കരയിലും
കൊച്ചി: യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി മുതുകിൽ കത്തികൊണ്ട് വരഞ്ഞശേഷം ഉപേക്ഷിച്ചു. ഭീഷണിപ്പെടുത്തി ചെക്കുകൾ കൈക്കലാക്കി. സ്വർണമാല പൊട്ടിച്ചെടുത്തു. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശിയും കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സിന് സമീപം ഹോസ്റ്റലിൽ താമസിക്കുന്ന 27കാരനെയാണ് തട്ടിക്കൊണ്ടുപോയത്. വാടകയ്‌ക്കെടുത്ത കാർ പണപ്പെടുത്തിയത് ഉടമ തിരിച്ചറഞ്ഞതാണ് ക്വട്ടേഷനിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. യുവാവ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിവരം ആശുപത്രി അധികൃതരിൽ നിന്ന് അറിഞ്ഞ പൊലീസ്, മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ക്വട്ടേഷൻ നൽകിയവരുൾപ്പെടെ ഒമ്പതുപേർക്കായി തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏതാനും മാസം മുമ്പാണ് യുവാവ് കാർ വാടകയ്‌ക്കെടുത്തത്. പിന്നീട് പണയപ്പെടുത്തി. ഇതോടെയാണ് ഉടമ ക്വട്ടേഷൻ നൽകിയത്. എറണാകുളം സ്വദേശികളായ സർജിയോ, ജിത്തു, അഭി, ലിബിൻ, റംഷാദ്, കണ്ണൻ, കണ്ടാൽ തിരിച്ചറിയുന്ന രണ്ടുപേർ എന്നിവരാണ് പ്രതികൾ. ഒന്നും രണ്ടും പ്രതികളായ സർജിയോയും ജിത്തുവും ചേർന്നാണ് യുവാവിനെ ആദ്യം കടത്തിക്കൊണ്ടുപോയത്. എൻ.ജി.ഒ ക്വാർട്ടേഴ്സ് പരിസരത്ത് നിന്ന് ബലമായി കാറിലേക്ക് കയറ്റുകയായിരുന്നു. പിന്നീട് കാക്കനാട് ബോസ്റ്റൽ സ്‌കൂൾ പരിസരത്തുവച്ച് ഗുണ്ടാസംഘങ്ങളുടെ കാറിലേക്ക് മാറ്റി. ശേഷം പള്ളിക്കരയിലെ ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു.
മണിക്കൂറുകൾ കഴിഞ്ഞ് യുവാവിനെ ക്വട്ടേഷൻ സംഘം താമസസ്ഥലത്ത് എത്തിച്ചു. ഇവിടെ നിന്ന് ആറ് ചെക്കുകൾ, മൊബൈൽ ഫോൺ, വാഹനങ്ങളുടെ ആർ.സി.ബുക്ക് തുടങ്ങിയവ കൈക്കലാക്കി. തുടർന്നും കാറിൽ കയറ്റി സമീപത്തെ ആളൊഴിഞ്ഞ കടയിലേക്ക് കൊണ്ടുപോയി മർദ്ദിച്ചു. മൂന്നാം പ്രതിയായ അഭിയാണ് കത്തികൊണ്ട് മുതുകിൽ വരഞ്ഞു മുറിവേൽപ്പിച്ചത്. സ്വർണ മാലപൊട്ടിച്ചെടുത്ത ശേഷം ക്വട്ടേഷൻ സംഘം സ്ഥലംവിട്ടു. മർദ്ദിക്കുന്നത് ഗുണ്ടകൾ മൊബൈലിൽ പകർത്തിയെന്നും ക്വട്ടേഷൻ നൽകിയ ആളെ വീഡിയോകാളിലൂടെ തന്നെ കാട്ടിക്കൊടുത്തെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |