കൊച്ചി: മദ്ധ്യകേരളത്തിലെ ഉത്സവസീസണ് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ലോകപ്രശസ്തമായ വൃശ്ചികോത്സവം നടത്തിപ്പ് കൊച്ചിൻ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ഉത്സവച്ചടങ്ങുകളിലെ ജാതിവിവേചനം, ബാഹ്യഇടപെടൽ, ഉപദേശകസമിതി - ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളുടെ കൂട്ടരാജി തുടങ്ങിയവ കാരണം അലങ്കോലത്തിന്റെ വക്കിലായിരുന്നു തൃപ്പൂണിത്തുറക്കാരുടെ വികാരമായ വൃശ്ചികോത്സവം.
ഇന്നലെ തൃശൂരിലെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രസിഡന്റ് കെ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉത്സവം ഏറ്റെടുക്കാനുള്ള തീരുമാനമുണ്ടായത്. അംഗങ്ങളായ അഡ്വ. കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു, സ്പെഷ്യൽ കമ്മിഷണർ എസ്.ആർ. ഉദയകുമാർ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽകർത്ത, തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മിഷണർ ബിജു ആർ. പിള്ള, ദേവസ്വം ഓഫീസർ ആർ. രഘുരാമൻ, ഉപദേശക സമിതി പ്രസിഡന്റ് വേണുഗോപാൽ എന്നിവർ പങ്കെടുത്തു. ഉപദേശകസമതി സെക്രട്ടറി മുരളീധരൻ വിട്ടുനിന്നു. മേളക്കമ്മിറ്റിയുടെ തീരുമാനം മറികടന്ന് ചെണ്ടമേളം ഒരു പ്രമുഖന് ബാഹ്യഇടപെടലിലൂടെ നൽകിയതിനെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
തൃപ്പൂണിത്തുറ ദേവസ്വം ഓഫീസർ ആർ.രഘുരാമനാണ് ഉത്സവനടത്തിപ്പിന്റെ ചുമതല. തൃപ്പൂണിത്തുറ അസി. കമ്മിഷണർ ബിജു ആർ.പിള്ളയും തൃശൂർ ആസ്ഥാനത്തെ മറ്റൊരു അസി. കമ്മിഷണറും മേൽനോട്ടം വഹിക്കും. എറണാകുളത്തെ വിവിധ ദേവസ്വം ഗ്രൂപ്പുകളിലെ ഓഫീസർമാരും സഹകരിക്കും. കഴിഞ്ഞ വർഷമാണ് ആദ്യമായി ദേവസ്വം നേരിട്ട് ഉത്സവം നടത്തിയത്.
43 ദിനങ്ങൾ മാത്രം
സാധാരണയായി ഉത്സവത്തിന്റെ മുന്നൊരുക്കങ്ങളെല്ലാം തന്നെ പൂർത്തിയാകേണ്ട സമയം കഴിഞ്ഞു. എത്രയും വേഗം നടപടികളിലേക്ക് കടക്കാനാണ് ഇന്നലെ ചേർന്ന യോഗത്തിന്റെ തീരുമാനം. 18 ലക്ഷം രൂപയോളം ഉപദേശക സമിതി ഉത്സവഫണ്ടിലേക്ക് പിരിച്ചിട്ടുണ്ട്. ഈ തുക ദേവസ്വം ഓഫീസർക്ക് എത്രയും വേഗം കൈമാറാൻ സമിതി പ്രസിഡന്റിന് നിർദ്ദേശം നൽകി.
വൃശ്ചികോത്സവം
നവംബർ 19 മുതൽ 26 വരെ
ചെണ്ടമേളങ്ങളുടെയും ക്ളാസിക്, നാടൻ കലകളുടെയും പേരിൽ പ്രശസ്തം
• പൂർവാധികം ഭംഗിയായി ഉത്സവം നടത്താനാണ് തീരുമാനം. ഉപദേശക സമിതിയെയും മുൻ ഭാരവാഹികളെയും ഉൾപ്പടെ എല്ലാവരുടെയും സഹകരണത്തോടെ വൃശ്ചികോത്സവം ഗംഭീരമാക്കും. ഉപദേശക സമിതിയിലെ പ്രശ്നങ്ങൾ ഉത്സവത്തിനെ ബാധിക്കാതിരിക്കാനാണ് ദേവസ്വം ബോർഡ് നേരിട്ട് ഇടപെടുന്നത്.
അഡ്വ.കെ.പി.അജയൻ
കൊച്ചിൻ ദേവസ്വം ബോർഡംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |