പറവൂരിൽ സി.പി.എം പ്രവർത്തകർ കൂട്ടത്തോടെ സി.പി.ഐയിൽ
കൊച്ചി: പറവൂരിലെ സി.പി.എം- സി.പി.ഐ പോരിന് കടുപ്പമേറുന്നു. സി.പി.എം ജില്ലാ നേതാവായിരുന്ന പ്രമുഖനെ ഉൾപ്പെടെ പാർട്ടിയിലെത്തിച്ച് സി.പി.ഐ. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായിരുന്ന സി.പി.ഐ നേതാക്കളെ ഉൾപ്പടെ രാജി വയ്പ്പിച്ച് സി.പി.എം ഒപ്പം കൂട്ടിയതിന്റെ ചൂടാറും മുൻപാണ് നീക്കം. സി.പി.എം ജില്ലാ നേതാവായിരുന്ന കെ.ബി. സോമശേഖരൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന കെ.സി. രാജീവ്, സി.പി.എം മുൻ ലോക്കൽ സെക്രട്ടറി എസ്. രാമകൃഷ്ണൻ, മോട്ടോർ തൊഴിലാളി യൂണിയൻ മുൻ ജില്ലാ സെക്രട്ടറി സി.ആർ. ബാബു, ഡി.വൈ.എഫ്.ഐ നേതാവ് സരിൻ തുടങ്ങി 70ലേറെ പേരാണ് സി.പി.എമ്മിൽ നിന്ന് സി.പി.ഐയിലെത്തിയതെന്നാണ് പാർട്ടി അവകാശവാദം.
പാർട്ടിയിലേക്കെത്തിയവരെ സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുണിന്റെയും മുൻ ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. സെപ്തംബർ 30നാണ് സി.പി.ഐയുടെ മുതിർന്ന നേതാവായിരുന്ന കെ.സി. പ്രഭാകരന്റെ മകളും പറവൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ രമ ശിവശങ്കരൻ, ജില്ലാ പഞ്ചായത്ത് അംഗവും കളമശേരി മണ്ഡലം മുൻ സെക്രട്ടറിയുമായ കെ.വി. രവീന്ദ്രൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗവും പറവൂർ മണ്ഡലം മുൻ കമ്മിറ്റി അംഗവുമായ ഷെറൂബി സെലസ്റ്റിൻ തുടങ്ങിയവർ സി.പി.എം പാളയത്തിലെത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് പൊതുയോഗത്തിൽ ഇവരെ സ്വീകരിച്ചതിനെ സി.പി.ഐ വിമർശിച്ചിരുന്നു.
ഉദയംപേരൂരിന് സമാനം
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന ഉദയംപേരൂരിലെ സി.പി.എം- സി.പി.ഐ തർക്കത്തിനു സമാനമായ അവസ്ഥയിലാണ് പറവൂരിലെ കാര്യങ്ങൾ. 2016ൽ സി.പി.എമ്മിലെ ശക്തനായിരുന്ന മത്സ്യത്തൊഴിലാളി നേതാവ് രഘുവരനുൾപ്പെടെ നിരവധിപ്പേർ സി.പി.ഐയിൽ ചേർന്നിരുന്നു. അന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രനെ പങ്കെടുപ്പിച്ച് നടക്കാവിൽ പൊതുപരിപാടി നടത്തിയ സി.പി.ഐ നടപടിയും അതിന് സി.പി.എം പ്രാദേശിക- ജില്ലാ- സംസ്ഥാന നേതൃത്വങ്ങൾ അതിന് നൽകിയ മറുപടിയും സംസ്ഥാന തലത്തിൽ ചർച്ചയായി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കാനത്തിന്റെ നടപടിയെ വിമർശിച്ചു. പിന്നാലെ സി.പി.ഐയിൽ നിന്ന് നിരവധിപ്പേരെ തങ്ങൾക്കൊപ്പം എത്തിച്ച് സി.പി.എം പകരം വീട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |