കൊച്ചി: കൊച്ചി കോർപ്പറേഷന്റെ പ്രശസ്തമായ സമൃദ്ധി കിച്ചൻ ഉടനെ ഫോർട്ടുകൊച്ചിയിലേക്കും. അഴിമുഖത്ത് പഴയ ജെട്ടിയിലെ കോർപ്പറേഷൻ കെട്ടിടത്തിലാണ് കുറഞ്ഞ വിലയ്ക്ക് ഉഗ്രൻ ഭക്ഷണം നൽകുന്ന കുടുംബശ്രീ സംരംഭം. കെട്ടിടത്തിന്റെ പുതുക്കിപ്പണി അതിവേഗം പുരോഗമിക്കുന്നു. ഈ മാസം തന്നെ ഉദ്ഘാടനം ചെയ്യാനാണ് ശ്രമം.
ഫോർട്ടുകൊച്ചിയിലെ ഏറ്റവും സുന്ദരമായ കടൽ, കായൽ കാഴ്ചകൾ ദൃശ്യമാകുന്നയിടമാണ് ഇവിടം. താഴത്തെ നിലയിൽ എറണാകുളം പരമാര റോഡിലെ സമൃദ്ധി കിച്ചൻ വിഭവങ്ങളിൽ ഏതാണ്ടെല്ലാം തന്നെ വിളമ്പും. മുകൾനില ടൂറിസ്റ്റുകൾക്കുള്ള പ്രീമിയം ഹോട്ടലായാണ് വിഭാവനം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ഊണുമായാണ് തുടക്കം. പരമാര റോഡിലെ സെൻട്രൽ കിച്ചനിൽ നിന്നാണ് പ്രധാന വിഭവങ്ങൾ എത്തിക്കുക. ചെറിയ കിച്ചൻ മാത്രമേ തുടക്കത്തിൽ ഇവിടെ ഉണ്ടാകൂ.
പരമാര റോഡിലെ സമൃദ്ധി അറ്റ് കൊച്ചിയിൽ ദിവസം 3000 ഓളം 20 രൂപ ഊണ് വിളമ്പുന്നുണ്ട്. കടവന്ത്ര ജി.സി.ഡി.എയുടെ കാന്റീനിലും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്. 40 രൂപയാണ് ഊണിന് നിരക്ക്. സമൃദ്ധിയുടെ നാലാം വാർഷികാഘോഷം ഇന്ന് പരമാര റോഡിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |