കൊച്ചി: ജില്ലാ കായികമേളയ്ക്ക് 11ന് കൊടി ഉയരും. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ട്രാക്ക് ഇനങ്ങളും 14, 15 തീയതികളിൽ കോതമംഗലം എം.എ. കോളേജ് ഗ്രൗണ്ടിൽ ത്രോ ഇനങ്ങളും നടക്കും.
11ന് രാവിലെ 9.30ന് എറണാകുളം മഹാരാജാസ് കോളേജിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും. തുടർന്ന് മേളയുടെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ. നിർവഹിക്കും. കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിക്കും. പി.വി. ശ്രീനിജിൻ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും.
15ന് വൈകിട്ട് നാലിന് കോതമംഗലം എം.എ. കോളേജിൽ നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും ആന്റണി ജോൺ എം.എൽ.എ. നിർവഹിക്കും. കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ. ടോമി അദ്ധ്യക്ഷത വഹിക്കും. എറണാകുളം ആർ.ഡി.ഡി. ഡോ. സതീഷ് ഡി.ജെ., ജില്ലാ സ്‌പോർട്‌സ് കോ ഓർഡിനേറ്റർ സി. സഞ്ജയ് കുമാർ എന്നിവർ സംസാരിക്കും.
14 ഉപജില്ലകളിൽ നിന്നുമായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി 2700ൽ അധികം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, ജില്ലാ സ്‌പോർട്‌സ് സെക്രട്ടറി എൽദോ കുര്യാക്കോസ്, കോഓർഡിനേറ്റർ സി. സഞ്ജയ് കുമാർ, പബ്ലിസിറ്റി ആൻഡ് മീഡിയ കൺവീനർ ജോമോൻ ജോസ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ തോമസ് പീറ്റർ, കെ.എസ്.എസ്.ടി.എഫ്. ജില്ലാ പ്രസിഡന്റ് ആന്റണി ജോസഫ് ഗോപുരത്തിങ്കൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |