
കൊച്ചി: മെസിയും അർജന്റീനയും വരുമെന്ന് പ്രഖ്യാപിച്ച് പുതുക്കിപ്പണിയാൻ പൊളിച്ചിട്ട കലൂർ ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തെച്ചൊല്ലി വിവാദം. മെസി നവംബറിൽ വരുന്നില്ലെന്ന് വ്യക്തമായതോടെ, സ്റ്റേഡിയത്തിലെ നിർമ്മാണ ഭാവി എന്താകും എന്നതിനെച്ചൊല്ലിയാണ് പ്രധാന തർക്കം.
നിർമ്മാണ ജോലികൾ പൂർത്തിയാക്കുമെന്ന് സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജി.സി.ഡി.എ വ്യക്തമാക്കുമ്പോഴും എന്ന് പൂർത്തിയാക്കുമെന്നോ എങ്ങനെ പൂർത്തിയാക്കുമെന്നോ വ്യക്തതയില്ല. നവംബർ 30 വരെ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയുള്ളൂവെന്ന് സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് എം.ഡി. ആന്റോ അഗസ്റ്റിൻ പറഞ്ഞതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിനും കായിക മന്ത്രിക്കും ജി.സി.ഡി.എ.യ്ക്കും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ച് ഹൈബി ഈഡൻ എം.പിയും രംഗത്തെത്തി. സ്റ്റേഡിയം കൈമാറ്റത്തിൽ ഉൾപ്പെടെ വൻ ദുരൂഹതകൾ ഉണ്ടെന്ന് എം.എൽ.എ.മാരായ ടി.ജെ. വിനോദും ഉമ തോമസും ആരോപിച്ചു.
നിർമ്മാണം പാതി വഴിയിൽ
1. നവംബർ 17ന് മെസിയും സംഘവും കലൂരിൽ കളിക്കുമെന്ന് ഉറപ്പിച്ച് സ്റ്റേഡിയത്തിന് മുന്നിലുള്ള രണ്ട് പാർക്കിംഗ് ഗ്രൗണ്ടുകളിലും മണ്ണിളക്കിയായിരുന്നു നിർമ്മാണം. ഇതിപ്പോൾ ചെളിക്കുളമാണ്.
2. ഇവിടെ ഇരുഭാഗത്തും ഉയരത്തിൽ ചുറ്റുമതിലും കെട്ടുന്നുണ്ട്.
3. ഗ്രൗണ്ടുകൾക്ക് ചുറ്റോടുചുറ്റും ഉയരത്തിൽ മതിൽ നിർമ്മിക്കുന്ന ജോലികളും നടന്നിരുന്നു.
4. സ്റ്റേഡിയത്തിനുള്ളിൽ മേൽക്കൂരയും കസേരകളും പെയിന്റ് അടിക്കുന്ന ജോലികളും കവാട നവീകരണവുമെല്ലാം നടന്നിരുന്നു.
5. നവീകരണ പ്രവർത്തനങ്ങളെല്ലാം നവംബർ അവസാനത്തോടെ തീരുമോ എന്നതാണ് ആശങ്ക.
സ്‌പോൺസറുമായി കരാറില്ല?
നവംബർ 30നുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് ജി.സി.ഡി.എ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് സ്‌പോൺസറുമായി കരാറുണ്ടോ എന്നതിൽ വ്യക്തതയില്ല. ഐ.എസ്.എൽ ഉൾപ്പെടെ നടക്കാനിരിക്കെ ഇനി നിർമ്മാണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിലും വ്യക്തതയില്ല. ജി.സി.ഡി.എ സ്റ്റേഡിയത്തിന്റെ നവീകരണ ചുമതലപ്പെടുത്തിയത് കേരള സ്‌പോർട്‌സ് ഫൗണ്ടേഷനെയാണ്. സ്‌പോർട്‌സ് ഫൗണ്ടേഷനുമായി കരാറുണ്ടെന്ന് സ്‌പോൺസർ അവകാശപ്പെടുമ്പോഴും ഇക്കാര്യത്തിലും സ്ഥിരീകരണമില്ല.
കത്തയച്ച് ഹൈബി
സ്റ്റേഡിയം ഇടപാടിൽ സംശയങ്ങൾ ഉണ്ടെന്നും കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയ്ക്ക് കത്തയച്ചു.
കത്തിലെ ചോദ്യങ്ങൾ
1. സ്റ്റേഡിയം നവീകരണത്തിൽ സർക്കാരിന്റെ പങ്ക് എന്താണ്?
2. മരങ്ങൾ മുറിക്കാൻ അനുമതി വാങ്ങിയിട്ടുണ്ടോ?
3. സ്‌പോൺസറുമായി കരാറുണ്ടോ?
4. മത്സരശേഷവും പിന്നീടും സ്‌പോൺസറുടെ റോൾ എന്താണ്?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |