
കോതമംഗലം: സമുദ്രനിരപ്പിൽ നിന്ന് ആയിരം അടിയിലധികം ഉയരം. വിസ്തൃതമായ പാറക്കെട്ട്. മനംനിറയ്ക്കുന്ന പച്ചപ്പും നീലാകാശവും. പുഴയും മലയും വനവുമെല്ലാം അതിന്റെ ഏറ്റവും ഭംഗിയിൽ നേരിൽ കാണാം. ചിലപ്പോഴൊക്കെ അറബി കടലും കാണാം. മനോഹര കാഴ്ചയാകുന്ന സുര്യോദയവും അസ്തമയവും. നഗരങ്ങളും ഗ്രാമങ്ങളും കെട്ടിട സമുച്ചയങ്ങളും ആരാധാനാലയങ്ങളും ആകാശത്ത് നിന്ന് കാണുന്നപോൽ കണ്ടാസ്വദിക്കാം. ചുട്ടുപൊള്ളുമെന്ന പേടിയില്ലാതെ എപ്പോഴും തണുത്ത കാറ്റിന്റെ തലോടൽ ഏറ്റുവാങ്ങാം. കൊടുംവേനലിൽ പോലും വറ്റാത്ത നീരുറവകൾ. അങ്ങനെ കേരളത്തിന്റെ ടൂറിസം ഭൂപടത്തിലേക്ക് കയറാൻ അനുകൂല സാധ്യതകൾ ഏറെയുണ്ടായിട്ടും കോതമംഗലം അയ്യപ്പൻമുടിക്ക് അധികാരികളിൽ നിന്ന് അവഗണന മാത്രം.
കോതമംഗലം ടൗണിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് അയ്യപ്പൻമുടി. എത്തിച്ചേരാൻ പലഭാഗങ്ങളിൽ നിന്നുള്ള റോഡുകളുമുണ്ട്. അയ്യപ്പൻമുടി ടൂറിസം ഡെവലപ്‌മെന്റ് കൗൺസിൽ ഇതിനായി ഏറെ പരിശ്രമവും നടത്തി. മുഖ്യമന്ത്രി മുതൽ താഴേക്കുള്ള ജനപ്രതിനിധികളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും അയ്യപ്പൻമുടിയുടെ സാദ്ധ്യതകൾ ബോദ്ധ്യപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല.
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ
ഒരു ഇക്കോ ടൂറിസം കേന്ദ്രമായി അയ്യപ്പൻമുടിയെ മാറ്റാം എന്നാണ് ടൂറിസംവകുപ്പിലെ ഉദ്യോഗസ്ഥരുടേയട
ക്കം വിലയിരുത്തൽ. അയ്യപ്പൻമുടിയെ ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന് ആവശ്യം രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും ഉന്നയിച്ചിരുന്നു.
വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് ഹനീഷ് ജില്ലാ കളക്ടർ ആയിരിക്കെ അയ്യപ്പൻമുടിയിൽ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകി
കോതമംഗലം മുനിസിപ്പാലിറ്റി അയ്യപ്പൻമുടിയെ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന പ്രഖ്യാപനം പലകാലഘട്ടങ്ങളിലും നടത്തിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുന്നണികളുടെ വാഗ്ദാനവും ഉണ്ടായിരുന്നു.
അയ്യൻ വന്നെന്ന് വിശ്വാസം
ശബരിമല അയ്യപ്പൻ പുലിപ്പാൽ തേടിപോയെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ഈ മലക്ക് അയ്യപ്പൻമുടിയെന്ന പേര് സ്വന്തമായത്. പുലിപ്പാൽ തേടിയുള്ള യാത്രയിൽ അയ്യപ്പൻ ഇവിടെയും എത്തിയെന്നാണ് വിശ്വാസം. മലയുടെ മുകളിൽ ഒരു ക്ഷേത്രവും ഉണ്ട്.
അയ്യപ്പൻമുടി പോലെ ആകർഷകമായ ഒരിടം അപൂർവമാണ്. സാദ്ധ്യതകൾ പ്രയോജനപ്പെടുത്താതിരിക്കുന്നത് നാടിനോടും വരുംതലമുറയോടും ചെയ്യുന്ന നീതികേടാകും. മുനിസിപ്പാലിറ്റിയോ ഡി.ടി.പി.സി,യോ പദ്ധതികൾ തയ്യാറാക്കണം
എം.കെ.മത്തായി,
സെക്രട്ടറി, അയ്യപ്പൻമുടി ടൂറിസം ഡവലപ്‌മെന്റ് കൗൺസിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |