
കോതമംഗലം: എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവവും വൊക്കേഷണൽ സ്‌കിൽ ഫെസ്റ്റും ഇന്ന് മുതൽ മൂന്ന് ദിവസം കോതമംഗലത്ത് നടക്കും. ഇന്ന് രജിസ്‌ട്രേഷൻ മാത്രമാണുള്ളത്. മത്സരങ്ങൾ നാളെയും ശനിയാഴ്ചയുമാണ് നടത്തുന്നത്. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേളകളാണ് ശാസ്‌ത്രോത്സവത്തിൽ ഉള്ളത്. 14 ഉപജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.
വൊക്കേഷണൽ സ്‌കിൽ ഫെസ്റ്റിൽ എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. അഞ്ച് വേദികളിലാണ് മത്സരങ്ങൾ. രണ്ട് ദിവസവും ഉച്ചവരെയാണ് മത്സരം. തുടർന്ന് പ്രദർശനമുണ്ടായിരിക്കും. മത്സരാർത്ഥികൾക്കുള്ള ഭക്ഷണം അതാത് വേദികളിൽത്തന്നെ ലഭ്യമാകും. മേളയുടെ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോളാണ് ജനറൽ കൺവീനർ. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഉദ്ഘാടന സമ്മേളനം നാളെ
റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും വൊക്കേഷണൽ സ്‌കിൽ ഫെസ്റ്റിന്റെയും ഉദ്ഘാടനം നാളെ രാവിലെ പത്തിന് ഡീൻ കുര്യാക്കോസ് എം.പി. നിർവഹിക്കും. ആന്റണി ജോൺ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ശനിയാഴ്ച വൈകിട്ട് അഞ്ചിന് സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലാണ് സമാപന സമ്മേളനം. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., മാത്യു കുഴൽനാടൻ എം.എൽ.എ. എന്നിവരും പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മത്തേടൻ സമ്മാനദാനം നിർവഹിക്കും.
മത്സര വേദികൾ
ശാസ്ത്രമേള: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ
പ്രവൃത്തിപരിചയ, ഐ.ടി. മേളകൾ: മാർ ബേസിൽ സ്‌കൂൾ
സാമൂഹ്യശാസ്ത്ര മേള: ശോഭന ഇംഗ്ലീഷ് മീഡിയം സ്‌കൂൾ
ഗണിതശാസ്ത്ര മേള: സെന്റ് അഗസ്റ്റ്യൻസ് സ്‌കൂൾ
വൊക്കേഷണൽ സ്‌കിൽ ഫെസ്റ്റ്: കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്‌കൂൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |