കൊച്ചി: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ താഴേത്തട്ടിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയെങ്കിലും സ്ഥാനാർത്ഥി നിർണയം നീളുന്നു. രാഷ്ട്രീയത്തിനപ്പുറം പ്രാദേശിക ബന്ധങ്ങളും സ്വീകാര്യതയുമുള്ള സുപരിചിതരായ സ്ഥാനാർത്ഥിയെ കണ്ടെത്തുകയാണ് വെല്ലുവിളി. സംവരണ സീറ്റുകളിലേക്കും ആളെ കണ്ടെത്തുന്ന ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.
തിരഞ്ഞെടുപ്പ് നേരിടാൻ സർവസജ്ജമാണെന്ന് മുന്നണികളും പാർട്ടികളും പറയുന്നു. വോട്ടർ പട്ടികയിൽ പരമാവധി പേരെ ചേർക്കുകയും പ്രാദേശിക സമ്പർക്കങ്ങൾ നടത്തുകയും ചെയ്‌തിട്ടുണ്ട്. സ്ഥാനാർത്ഥികൾ സംബന്ധിച്ച് പ്രാഥമിക ധാരണയിലെത്തിയിട്ടുണ്ടെന്ന് മുന്നണി നേതാക്കൾ പറഞ്ഞു. വിജ്ഞാപനം വന്നാലുടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും നേതാക്കൾ പറയുന്നു.
ഗ്രാമപഞ്ചായത്തുകളിലുൾപ്പെടെ അനുയോജ്യരായ സ്ഥാനാർത്ഥികളെ ഉറപ്പിക്കാൻ കഴിയുന്നില്ലെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തികൾക്കും പ്രാധാന്യം.
ജനങ്ങൾ വോട്ട് ചെയ്യുക പ്രാദേശികബന്ധങ്ങൾ കൂടി നോക്കി.
നാട്ടിൽ സ്വീകാര്യരായവരെ സ്ഥാനാർത്ഥിയാക്കാനാണ് പരമാവധി ശ്രമം
രാഷ്ട്രീയ, സമുദായ സമതുലനവും വേണം.
ഓരോ വാർഡിലും മത്സരിക്കാൻ അവിടെ നിന്നുതന്നെ സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് ശ്രമമെങ്കിലും എളുപ്പമല്ലെന്ന് നേതാക്കൾ.
വനിതകൾക്ക് മടി
വനിതാ, സംവരണ സീറ്റുകളിലാണ് സ്ഥാനാർത്ഥിയെ കണ്ടെത്താൻ വിഷമം. നറുക്കെടുപ്പിൽ സംവരണമായ സീറ്റുകളിലാണ് വിഷമം. പട്ടികജാതി, വർഗ സംവരണ സീറ്റുകളിൽ സ്ഥാനാർത്ഥിയെ നിർണയിക്കലാണ് ഏറ്റവും വിഷമം. വനിതാസീറ്റുകളിലും ആളെക്കിട്ടാൻ വിഷമിക്കുന്നുണ്ട്. പഞ്ചായത്തുകളിൽ ഉൾപ്പെടെ വലിയ ഉത്തരവാദിത്വം പ്രതിനിധികൾക്കുണ്ട്. പദ്ധതികൾ നടപ്പാക്കൽ ഉൾപ്പെടെ ഭാരിച്ച ജോലികളുണ്ട്. ഇതുകാരണം പാർട്ടി പ്രവർത്തകരായ വനിതകൾ പോലും മടിക്കുകയാണെന്ന് നേതാക്കൾ പറയുന്നു.
താമസമില്ലെന്ന് മുന്നണികൾ
വിജ്ഞാപനം, വന്നാലുടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് മുന്നണികൾ പറയുന്നത്. സീറ്റുകൾ സംബന്ധിച്ച് ഘടകകക്ഷികളുമായി പ്രാഥമികധാരണയിൽ എത്തിയിട്ടുണ്ട്. പാർട്ടികൾ ഭൂരിപക്ഷം സ്ഥാനാർത്ഥികളെയും കണ്ടെത്തിയിട്ടുണ്ട്. ഉറപ്പാക്കാൻ കഴിയാത്ത വാർഡുകളിലും വൈകാതെ നിശ്ചയിക്കും. സംവരണം മാറിയ വാർഡുകളിലെ സ്ഥാനാർത്ഥികളെയും കണ്ടെത്തുമെന്ന് ഇടത്, വലത് മുന്നണി നേതാക്കൾ പറഞ്ഞു.
പഞ്ചായത്തുകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച സിറ്റിംഗ് ജനപ്രതിനിധികൾക്ക് വീണ്ടും അവസരം ലഭിക്കും. വികസനപദ്ധതികൾ നടപ്പാക്കുകയും ജനങ്ങളുടെ പ്രശംസയും അംഗീകാരവും നേടിയവർക്ക് വിജയം എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.
ആദ്യം ട്വന്റി 20
സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ പാർട്ടി ട്വന്റി 20 മാത്രമാണ്. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. പൂതൃക്ക, വെങ്ങോല, എടത്തല, കുന്നത്തുനാട് തുടങ്ങിയ സമീപ പഞ്ചായത്തുകളിലും സ്ഥാനാർത്ഥി നിർണയം പൂർത്തിയായെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ
കോർപ്പറേഷൻ: കൊച്ചി
ജില്ലാ പഞ്ചായത്ത്: 1
മുനിസിപ്പാലിറ്റി: 13
ബ്ളോക്ക് പഞ്ചായത്ത്: 14
ഗ്രാമപഞ്ചായത്ത്: 82
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |