കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് ശതമാനം പുറത്തുവന്നതിനു പിന്നാലെ കണക്കുകൾ കൂട്ടിയും കിഴിച്ചും മുന്നണികൾ. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ഉറച്ച വിജയപ്രതീക്ഷയാണ് പങ്കുവയ്‌ക്കുന്നത്. ജില്ലയിലെ അന്തിമ പോളിംഗ് 74.57 ശതമാനമാണ്. 2020ൽ 77.28 ആയിരുന്ന പോളിംഗ് കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടിയ പോളിംഗ് എറണാകുളത്താണ്.
ആകെയുള്ള 26,67,746 വോട്ടർമാരിൽ 19,89,428 പേരാണ് പോൾ ചെയ്തത്. സ്ത്രീ വോട്ടർമാരായിരുന്നു ജില്ലയിൽ കൂടുതൽ. ജില്ലയിൽ 11 തദ്ദേശ സ്ഥാപനങ്ങളിൽ 2220 വാർഡുകളിലായി 7,374 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.
കൊച്ചി കോർപ്പറേഷനിൽ പോളിംഗ് ശതമാനത്തിൽ നേരിയ വർദ്ധനയുണ്ടായി. 62.44 ശതമാനമാണ് പോളിംഗ്. 0.62 ശതമാനത്തിന്റെ ഉയർച്ച. 2020ൽ 61.82 ആയിരുന്നു. 2015ൽ 67.73 ഉം 2010ൽ 70.39 ഉം ശതമാനമായിരുന്നു.
വോട്ടെണ്ണൽ ഒരുക്കം
വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പ് ദിവസം തന്നെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി. ജില്ലയിലാകെ 28 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 13ന് രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും. സ്‌ട്രോംഗ് റൂമുകൾ സ്ഥിതി ചെയ്യുന്ന ഇടങ്ങൾ തന്നെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. വോട്ടെണ്ണൽ പുരോഗതി കമ്മിഷന്റെ വെബ് സൈറ്റിൽ തത്സമയം അപ്‌ലോഡ് ചെയ്യും.
പോസ്റ്റൽ ബാലറ്റുകളാകും ആദ്യം എണ്ണിത്തുടങ്ങുക. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റൽ ബാലറ്റുകൾ കളക്ടറേറ്റിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണകേന്ദ്രങ്ങളിൽ നടക്കും.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളുമുണ്ടാകും.
മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ
പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു ടേബിൾ
ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടണ്ണൽ ഒരു ടേബിളിൽ തന്നെ
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തിലെ പോസ്റ്റൽ വോട്ടുകൾ അതത് വരണാധികാരികളാണ് എണ്ണുക
ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ് വോട്ടെണ്ണൽ ആരംഭിക്കുക
ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിൽ എണ്ണും
വോട്ടെണ്ണലിനു ശേഷം ത്രിതല പഞ്ചായത്തുകളുടെ സൂക്ഷിക്കേണ്ട രേഖകളും കൺട്രോൾ യൂണിറ്റിലെ ഡിറ്റാച്ചബിൾ മെമ്മറി മൊഡ്യൂളും ട്രഷറികളിൽ സൂക്ഷിക്കും
നഗരസഭകളുടെ രേഖകളോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കൂടി ട്രഷറികളിൽ സൂക്ഷിക്കും.
ആകെ വോട്ടർമാർ; 26,67,746
പോൾ ചെയ്തത്: 19,89,428 (74.57%)
ആകെ പുരുഷ വോട്ടർമാർ: 12,79,170
പോൾ ചെയ്തത്: 9,70,758 (75.89%)
ആകെ സ്ത്രീ വോട്ടർമാർ: 13,88,544
പോൾ ചെയ്തത്: 10,18,658 (73.36%)
ട്രാൻസ്‌ജെൻഡർ വോട്ട്: 32
പോൾ ചെയ്തത്: 12 (37.50%)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |