ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സീന മുഹമ്മദ് മകളുടെ കല്യാണപ്പന്തലിൽ നിന്നാണ് സത്യപ്രതിജ്ഞ വേദിയിലേക്കെത്തിയത്. പ്രതിജ്ഞചെയ്തശേഷം കല്യാണവേദിയിലേക്ക് മടങ്ങി.
ഉളിയന്നൂർ ഉള്ളയത്തിൽ വീട്ടിൽ യു.എച്ച്. മുഹമ്മദിന്റെയും സീന മുഹമ്മദിന്റെയും മകൾ റാസ്മിയയും ഏലൂക്കര തച്ചുവള്ളത്ത് വീട്ടിൽ ടി.എച്ച്. കുഞ്ഞുമുഹമ്മദിന്റെ മകൻ നിസാമും തമ്മിലുള്ള വിവാഹം ഇന്നലെ രാവിലെ 11ന് ഏലൂക്കര ഇ.എം.ജെ ഓഡിറ്റോറിയത്തിലാണ് നിശ്ചയിച്ചിരുന്നത്. വളരെ നേരത്തെ വിവാഹത്തീയതിയും ഹാളും നിശ്ചയിച്ചതാണ്. ഇതിനിടയിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം ലഭിച്ചത്. വിജയിച്ചതിന് പിന്നാലെ മകളുടെ കല്യാണദിവസമാണ് സത്യപ്രതിജ്ഞയെന്ന് അറിഞ്ഞതോടെ റിട്ടേണിംഗ് ഓഫീസറെ സന്ദർശിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു. തുടർന്നാണ് നിക്കാഹ് സമയത്തിന് മുമ്പായി പ്രതിജ്ഞ പൂർത്തിയാക്കി മടങ്ങാൻ അവസരം നൽകിയത്.
കല്യാണവേദിയും സത്യപ്രതിജ്ഞാഹാളും തമ്മിൽ മൂന്ന് കിലോമീറ്റർ അകലം മാത്രമായതും സീനയ്ക്ക് ആശ്വാസമായി. കോൺഗ്രസിന്റെ സജീവ പ്രവർത്തകരാണ് മുഹമ്മദും സീനയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |