കൊച്ചി: നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കുളവാഴ നിയന്ത്രണത്തിന് ദേശീയ നയവും കർമപദ്ധതിയും വേണമെന്ന് രാജ്യാന്തര കുളവാഴ കോൺഫറൻസ്- ഹയാകോൺ 1.0 നിർദ്ദേശം. വിവിധ വകുപ്പുകളിലായി ചിതറിക്കിടക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര പരിസ്ഥിതി -വന മന്ത്രാലയത്തിന് കീഴിൽ പ്രത്യേക സമിതി രൂപീകരിക്കണം. ഉപഗ്രഹ ചിത്രങ്ങൾ, ഡ്രോണുകൾ, സെൻസറുകൾ എന്നിവയുടെ സഹായം തേടണമെന്നും ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷൻ തയ്യാറാക്കിയ കരട് നയരേഖയിൽ വ്യക്തമാക്കി.
കുളവാഴ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ, പേപ്പർ, വളം, ബയോഗ്യാസ് എന്നിവ നിർമ്മിക്കുന്ന ചെറുകിട യൂണിറ്റുകൾ തുടങ്ങാൻ കുടുംബശ്രീയെയും ഹരിത കേരള മിഷനെയും ചുമതലപ്പെടുത്തണമെന്നാണ് മറ്റൊരു നിർദ്ദേശം
സമാപന സമ്മേളനത്തിൽ റിപ്പോർട്ട് ഉമാ തോമസ് എം.എൽ.എ, എറണാകുളം ജില്ലാ കളക്ടർ എം. പ്രിയങ്ക, ആലപ്പുഴ ജില്ലാ കളക്ടർ അലക്‌സ് വർഗീസ് എന്നിവർക്ക് കൈമാറി.
ജില്ലയിലെ ജലാശയങ്ങളിൽ വ്യാപനം തടയാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് കളക്ടർ എം. പ്രിയങ്ക പറഞ്ഞു. പദ്ധതിയുടെ നോളജ് പാർട്ണറായി ജെയിൻ സർവകലാശാലയെ ക്ഷണിക്കും.
വേമ്പനാട്ട് കായലിലെ കുളവാഴ ശല്യം പരിഹരിക്കാൻ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്‌സ് വർഗീസ് പറഞ്ഞു.
നയരൂപീകരണ ചർച്ചയിൽ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ മുഖ്യാതിഥിയായി.
സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, കുഫോസ് വി.സി പ്രൊഫ. എ. ബിജുകുമാർ, വേമ്പനാട് കോൾ റാംസർ സൈറ്റ് മാനേജർ ഡോ. ജോൺ സി. മാത്യു, കുസാറ്റിലെ ഡോ. പവൻ കെ. ധർ, പ്രൊഫ. കെ. ജി. പത്മകുമാർ, കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി പ്രൊ വി.സി പ്രൊഫ. ഡോ. ജെ. ലത, ഫ്യൂച്ചർ കേരള മിഷൻ സയന്റിഫിക് അഡൈ്വസർ പ്രൊഫ. ജി. നാഗേന്ദ്ര പ്രഭു, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, മാദ്ധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറിയ, മത്സ്യത്തൊഴിലാളി പ്രതിനിധി ചാൾസ് ജോർജ്, കർഷക പ്രതിനിധികളായ പോൾ ജോസഫ്, ജോർജ് തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |