കിഴക്കമ്പലം: അതിജീവനത്തിന്റെ നാലു പതിറ്റാണ്ടിനൊടുവിൽ അയ്യൻകുഴി നിവാസികൾ വീണ്ടും തെരുവിലേക്ക്. കഴിഞ്ഞ ജൂലായ് എട്ടിനുണ്ടായ റിഫൈനറിയിലെ തീപിടിത്തത്തെ തുടർന്ന് വീട് വിട്ടുപോകേണ്ടിവന്ന അയ്യൻകുഴിയിലെ 42 കുടുംബങ്ങളുടെ ജീവിതമാണ് ഇരുളടയുന്നത്.
തീപിടിത്തത്തെ തുടർന്ന് വീടൊഴിഞ്ഞ ഇവർ പല സ്ഥലങ്ങളിലായി വാടകയ്ക്ക് താമസിക്കുകയാണ്. അന്നുയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് ജില്ലാ കളക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അഞ്ച് മാസത്തെ വാടക നൽകാൻ തീരുമാനമായത്. ഇതിന്റെ കാലാവധി ഫെബ്രുവരി 11ഓടെ അവസാനിച്ചു. തുടർന്ന് വീട്ടുവാടക ആര് നൽകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
അടുത്ത വാടക നൽകേണ്ടത് മാർച്ച് 11നാണ്. വാടക കമ്പനി നൽകാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തുവരുമെന്നാണ് അയ്യൻകുഴി നിവാസികൾ പറയുന്നത്. ജില്ലാ കളക്ടർക്കും മറ്റ് ജനപ്രതിനിധികൾക്കും പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.
നേരത്തെ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ഇവരുടെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച വിഷയം ബി.പി.സി.എല്ലിന്റെ ബോർഡ് യോഗത്തിൽ വയ്ക്കുന്നതിന് തീരുമാനമായിരുന്നു. ഇതു സംബന്ധിച്ച് യാതൊരു തുടർനടപടികളും ഉണ്ടായിട്ടില്ല. ജീവിതം വഴിമുട്ടിയതോടെ ആത്മഹത്യ മുനമ്പിലാണിവർ. മലിനീകരണ വിഷയത്തിൽ കമ്പനികൾ കൈയൊഴിഞ്ഞതോടെ ഇവരുടെ ജീവിതം നരകതുല്യമായിരുന്നു. സ്ഥലം വിറ്റ് രക്ഷപ്പെടാമെന്ന് കരുതിയാൽ നിസ്സാര വിലയ്ക്ക് പോലും എടുക്കാൻ ആരും തയ്യാറായിരുന്നില്ല. ബാങ്കുകളിൽ പണയപ്പെടുത്താമെന്ന് വച്ചുകഴിഞ്ഞാൽ അടിസ്ഥാനവിലയും തീരെക്കുറവാണ്.
* 42 കുടുംബങ്ങൾ
1 എച്ച്.ഒ.സി, ബി.പി.സി.എൽ കമ്പനികൾക്ക് ഇടയിലായി ഒമ്പതര ഏക്കറോളം വരുന്ന ഭാഗത്തായി താമസിക്കുന്ന 42 കുടുംബങ്ങളാണ് വായു, ജല, ശബ്ദ മലിനീകരണത്താൽ പൊറുതിമുട്ടി ദുരിതജീവിതം അനുഭവിച്ചിരുന്നത്
2 അയ്യൻകുഴി പ്രദേശം താമസയോഗ്യമല്ലെന്ന് മലിനീകരണ നിയന്ത്രണബോർഡ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന് തങ്ങളുടെ ഭൂമി ഏറ്റെടുക്കണമെന്നാണ് അയ്യൻകുഴി നിവാസികളുടെ ആവശ്യം
3 1984 മുതൽ അയ്യൻകുഴി നിവാസികൾ സമരത്തിലാണ്. ഇവിടെ പലർക്കും രണ്ടും മൂന്നും സെന്റ് ഭൂമിയാണുള്ളത്. തെക്കുപടിഞ്ഞാറ് ഭാഗം എച്ച്.ഒ.സിയും വടക്കുകിഴക്ക് ഭാഗം റിഫൈനറിയുടെയും രണ്ടാൾ പൊക്കമുള്ള മതിലുകളാണ്. ഏതുസമയവും ശക്തമായ ശബ്ദമലിനീകരണവും വായുമലിനീകരണവുമാണ് ഇവിടെ. പ്രദേശത്ത് ദുർഗന്ധവും ശക്തമാണ്.
4 കുഞ്ഞുകുട്ടികൾക്കും പ്രായമായവർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളും വ്യാപകമാണ്. അതിനാൽ ഇനി അയ്യൻകുഴി പ്രദേശത്തേക്ക് തിരിച്ചുപോകുക അസാദ്ധ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |