കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കാലാവധി നീട്ടണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ സർക്കാരിനെ സമീപിച്ചു. കേസിൽ നടൻ ദിലീപ് ഉൾപ്പെടെ മൂന്ന് പ്രതികളെ വെറുതേ വിടുകയും പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് കുറഞ്ഞ ശിക്ഷ വിധിക്കുകയും ചെയ്ത വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ജനുവരി 8ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ വി. അജകുമാർ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന് (ഡി.ജി.പി) കത്ത് നൽകിയത്.
ആലുവ പൊലീസ് ക്ലബ്ബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ഡിവൈ.എസ്.പി ബൈജു പൗലോസ് ഉൾപ്പെടെ നാലു പേരാണുള്ളത്. കൊച്ചി ആസ്ഥാനമായ കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് എസ്.എച്ച്.ഒയായ ബൈജു പൗലോസ് എസ്.ഐ.ടിയുടെ അധികച്ചുമതല വഹിക്കുകയാണ്.
കേരളത്തെ ഞെട്ടിപ്പിച്ച കേസിൽ 2017 ജൂൺ 23നാണ് എസ്.ഐ.ടി രൂപീകരിച്ചത്. ആദ്യ കുറ്റപത്രം സമർപ്പിച്ച ശേഷം സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ 2022 ജനുവരി ഒന്നിന് എസ്.ഐ.ടിയുടെ കാലാവധി നീട്ടി വീണ്ടും ഉത്തരവിറക്കി.
എസ്.എ.ടിയിൽ അന്വേഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഡി.വൈ.എസ്.പിക്ക് പുറമെ, വിവിധ കാലയളവുകളിലായി സി.ഐമാരുൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ അംഗങ്ങളായിരുന്നു. രണ്ടാംകുറ്റപത്രം സമർപ്പിച്ചതോടെയാണ് അംഗസംഖ്യ നാലായി കുറഞ്ഞത്.
നടി കേസിൽ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ എട്ടിന് വിധി പറഞ്ഞതോടെ ഫലത്തിൽ എസ്.ഐ.ടി ഇല്ലാതായെങ്കിലും ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിച്ചിട്ടില്ല. ഹൈക്കോടതിയിൽ സമർപ്പിക്കാനുള്ള അപ്പീൽ തയ്യാറാക്കുന്നതിലുൾപ്പെടെ പ്രോസിക്യൂഷനെ സഹായിക്കുന്നത് അന്വേഷണ സംഘമാണ്. ഹൈക്കോടതി അപ്പീൽ പരിഗണിച്ച് വാദം പൂർത്തിയാക്കി വിധി പറയുന്നതു വരെ എസ്.ഐ.ടിയുടെ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ കത്ത് നൽകിയത്. സർക്കാരിന്റെ അനുമതി ഉടൻ ലഭിക്കുമെന്നറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |