
കളമശേരി: ശബ്ദ മലിനീകരണമില്ലാതെ, പെരിയാറിനെ മലിനപ്പെടുത്താതെ സൗരോർജത്തിന്റെയും കാറ്റിന്റെയും കരുത്തിൽ പെരിയാറിലൂടെ പായുന്ന സോളാർ വിൻഡ് ബോട്ട് വിനോദയാത്രികരെ ആകർഷിക്കുന്നു. മുപ്പത്തടം പാർവതി നിലയത്തിൽ കെ.ആർ.രാജേഷ് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ബോട്ടിൽ ഇരുപത് പേർക്ക് സഞ്ചരിക്കാം. ഏലൂർ കയന്റിക്കര ഐ.എ.സി. കടവിൽ വെമ്പല തറവാട്ടു മുറ്റത്തെത്തിയാൽ മതി.
ഒരു വർഷത്തോളം വെള്ളത്തിൽ ഓടിച്ച് സുരക്ഷയുൾപ്പെടെ വിവിധ പരീക്ഷണങ്ങൾ നടത്തി ഉറപ്പുവരുത്തിയ ശേഷം സർക്കാർ അനുമതിയോടെയാണ് നീറ്റിലിറക്കിയത്. ഫെബ്രുവരി 6 ന് വൈകിട്ട് 5ന് വ്യവസായ മന്ത്രി പി.രാജീവ് സോളാർ വിൻഡ് ബോട്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
കറണ്ടില്ലാത്ത വീട്ടിൽ നിന്ന്
വൈദ്യുതിയെ വരുതിയിലാക്കി
വർഷങ്ങൾക്കു മുമ്പ് പാടവരമ്പിലെ രാജേഷിന്റെ വീട്ടിൽ കറന്റുണ്ടായിരുന്നില്ല. വൈദ്യുതി ലഭിക്കണമെങ്കിൽ എട്ടു പോസ്റ്റുകൾ വേണം. താങ്ങാനാവാത്ത ചെലവുവരും. കെ.എസ്.ഇ.ബി.യുടെ വൈദ്യുതിയെ ആശ്രയിക്കാതെ കാര്യങ്ങൾ നടത്താനുള്ള രാജേഷിന്റെ പരീക്ഷണങ്ങളായിരുന്നു പിന്നെ. ഇലക്ട്രോണിക്‌സ് ഡിപ്‌ളോമയും തുണച്ചു. 30 വർഷമായി ഈ രംഗത്ത് ജൈത്രയാത്ര തുടരുന്നു. ഭാര്യ സ്മിത, മക്കളായ പാർവ്വതി പ്രണവ് എന്നിവരുടെ പിന്തുണയും സുഹൃത്ത് നാസർ വെമ്പലയുടെ സഹകരണവുമാണ് രാജേഷിന്റെ കരുത്ത്.
ആറു വർഷമായി ആഫ്രിക്കയിൽ വൈദ്യുതി എത്തിനോക്കാത്ത ഗ്രാമങ്ങളിലും കൃഷിയിടങ്ങളിലും തെരുവീഥികളിലും രാജേഷ് തയ്യാറാക്കിയ പദ്ധതികളാണ് ഇരുട്ടിൽ വെളിച്ചം നൽകുന്നത്. ആഫ്രിക്കയിലെ ബുർക്കിനോഫാസയിലെ കർഷകർ രാജേഷിന്റെ സോളാർ തൊപ്പിയും സോളാർ ബാഗും ഫലപ്രദമായി ഉപയോഗിക്കുന്നു. ലക്ഷദ്വീപിലും സോളാർ പാനലുകൾ വഴി വൈദ്യുതി കൊടുക്കുന്നു.
ബോട്ടിന്റെ പ്രത്യേകതകൾ
എ.സി. മുറി, ഇരിക്കാനും കിടക്കാനും മനോഹരമായ കുഷ്യൻ സോഫകൾ, കിച്ചൺ, ഫ്രിഡ്ജ്, ടി വി , മ്യൂസിക് സിസ്റ്റം, 10 മീ. ചുറ്റളവിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള സംവിധാനം. കൊടുംചൂടിൽ ബോട്ടിനു മുകളിലും, ചുറ്റിലുമായി മഴ പെയ്യുന്നത് വേറിട്ട കാഴ്ചയാണ്. യാത്ര തുടങ്ങുമ്പോൾ ബോട്ടിന്റെ ഗ്ലാസ് വാതിലുകൾ ഓട്ടോമാറ്റിക്കായി ലോക്കാകും. യാത്രക്കാർ ഒരു വശത്ത് കേന്ദ്രീകരിച്ചാലും ആടിയുലയില്ല. മറിയുമെന്ന പേടി വേണ്ട. ബോട്ട് ഓടുമ്പോൾ ശബ്ദമില്ലാത്തതിനാൽ തൊട്ടരികിൽ മത്സ്യങ്ങൾ കുതിച്ചുയർന്ന് ചാടിക്കളിക്കുന്നത് കാണാം. വേണമെങ്കിൽ താമസിക്കുകയും ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |