SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

അണിയറ പ്രവർത്തകർ കബളിപ്പിച്ചു ; നിർമ്മാതാവിന്റെ പരാതിയിൽ കേസ്

Increase Font Size Decrease Font Size Print Page
shooting

കൊച്ചി: സിനിമയുടെ ചിത്രീകരണം വൈകിപ്പിച്ചും ഹാർഡ് ഡിസ്ക് കൈക്കലാക്കിയും അണിയറ പ്രവർത്തകർ വഞ്ചിച്ചതായി നിർമ്മാതാവിന്റെ പരാതി. 'അഭിലാഷം" സിനിമയുടെ നിർമ്മാണ കമ്പനിയായ സെക്കൻഡ് ഷോ പ്രൊഡക്ഷൻസിന്റെ മാനേജിംഗ് പാർട്ണറായ ചങ്ങനാശേരി സ്വദേശിനി 38കാരിയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. ആറുപേർക്കെതിരെയാണ് കേസ്. കോപ്പിറൈറ്റ് ആക്ട്, സിനിമാറ്റോഗ്രാഫി ആക്ട്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയത്. സംവിധായകനടക്കം പ്രതിപ്പട്ടികയിലുണ്ടെന്നാണ് സൂചന.

നാല് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. 2023 ജൂണിലാണ് അണിയറ പ്രവർത്തകനായ ഒന്നാം പ്രതി പരാതിക്കാരിയെ സമീപിക്കുന്നത്. 2.25 കോടി രൂപയ്ക്ക് ചിത്രീകരണം പൂർത്തിയാക്കുമെന്ന ഉറപ്പിൽ സിനിമയുമായി സഹകരിക്കാമെന്നേറ്റു. ചിത്രീകരണം മനപ്പൂർവം വൈകിപ്പിച്ചതുമൂലം നിർമ്മാണ ചെലവ് 3.25 കോടിയായി ഉയർന്നു.

സിനിമയുടെ അവസാന മിനുക്കുപണികൾ നടത്തിയ സ്റ്റുഡിയോയിലെ ടെക്നീഷ്യനാണ് രണ്ടാം പ്രതി. ഇയാൾ ഒന്നാം പ്രതിയുടെ നിർദ്ദേശപ്രകാരം ഹാർഡ് ഡിസ്ക് മൂന്നാം പ്രതിക്ക് കൈമാറുകയായിരുന്നു. പ്രദർശനത്തിനായുള്ള മാസ്റ്റർ പ്രിന്റായിരുന്നു ഇത്. വഞ്ചനയ്ക്ക് മറ്റ് മൂന്നു പ്രതികൾ കൂട്ടുനിന്നെന്നും പരാതിയുണ്ട്. പാർട്ണർഷിപ്പ് കമ്പനിക്ക് 97 ലക്ഷം രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടവും രണ്ട് കോടി രൂപ പ്രതീക്ഷിച്ചിരുന്ന വ്യാപാരനഷ്ടം നാല് കോടിയായി ഉയരാനും പ്രതികൾ കാരണമായെന്ന് എഫ്.ഐ.ആർ പറയുന്നു. കഴിഞ്ഞദിവസം 38കാരി സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. 2025ൽ ഈദ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.

TAGS: LOCAL NEWS, ERNAKULAM, FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY